വെല്ലുവിളികൾ നേരിടാൻ ജനകീയാസൂത്രണം ശക്തമാക്കണം: ഡോ. തോമസ് ഐസക്

ജനകീയാസൂത്രണ പ്രവർത്തകരുടെ ജില്ലാ കൂട്ടായ്‌മ ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
മാലിന്യപരിപാലനം, വയോജനപരിപാലനം, ജെൻഡർ, കാലാവസ്ഥാ വ്യതിയാനം, പ്രാദേശിക സാമ്പത്തിക വികസനം, മാനേജ്മെന്റ് മേഖലകളിൽ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ നേരിടാൻ ജനകീയാസൂത്രണം ശക്തിപ്പെടുത്തണമെന്ന് ഡോ. തോമസ് ഐസക്. ‘ഒമ്പതാം പദ്ധതി–- ജനകീയ പദ്ധതി’ ജനകീയാസൂത്രണ പ്രവർത്തകരുടെ ജില്ലാ കൂട്ടായ്‌മ ഒറ്റപ്പാലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണവും പ്രാദേശിക ആസൂത്രണവും വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന കാലമാണിത്. തൊഴിൽരംഗത്തെയും മതനിരപേക്ഷതയുടെ മേഖലയിലെയും വെല്ലുവിളികൾ നേരിടാൻ ശക്തമായ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനകേന്ദ്രീകൃത വികസനങ്ങളും പ്രധാനഘടകങ്ങളാണ്. ഇവയൊക്കെ പരിഗണിച്ച് പുതിയ ബദൽമാതൃകകൾ വികസിപ്പിക്കണം. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഉയർത്തിയ വെല്ലുവിളികൾക്ക് ബദൽ ഉണ്ടെന്ന് ജനകീയാസൂത്രണം തെളിയിച്ചു. അതുപോലുള്ള ഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണ പ്രവർത്തകൻ ഇ രാമചന്ദ്രൻ അധ്യക്ഷനായി. എൻ ജഗജ്ജീവൻ തുടർപ്രവർത്തനങ്ങളുടെ കർമപരിപാടി അവതരിപ്പിച്ചു. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചവരുടെ അനുഭവക്കുറിപ്പുകൾ സമാഹരിച്ച് പുസ്‌തകസഞ്ചിക തയ്യാറാക്കാനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുഖ്യപ്രവർത്തകരിലൊരാളായിരുന്ന വി ജി മനമോഹനന്റെ ഓർമയ്‌ക്കായി ‘പീപ്പിൾസ് പ്ലാനിങ്’ വെബ്സൈറ്റിന് രൂപം നൽകാനും തീരുമാനിച്ചു. ബ്ലോക്ക്,- നഗരസഭാ തലങ്ങളിൽ നടന്ന ഗ്രൂപ്പ് ചർച്ചകൾ വൈ കല്യാണകൃഷ്‌ണൻ ക്രോഡീകരിച്ച് അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ ഐ എം സതീശൻ നന്ദി പറഞ്ഞു. 120 ജനകീയാസൂത്രണ പ്രവർത്തകർ പങ്കെടുത്തു.











0 comments