അപകടകാരണം അജ്ഞാതം, പഴി കാറ്റിന്


സ്വന്തം ലേഖകൻ
Published on Jul 08, 2026, 02:27 AM | 1 min read
കൊല്ലം
നൂറ്റിയഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ പെരുമൺ ട്രെയിൻ ദുരന്തത്തിന് ബുധനാഴ്‌ച 38വയസ്സ്. എന്നാൽ, അപകടത്തിന്റെ കാരണം ഇന്നും അജ്ഞാതം. സംഭവത്തെക്കുറിച്ച് റെയിൽവേ സേഫ്റ്റി കമീഷണർ സൂര്യനാരായണന്റെയും അതിനുശേഷം റിട്ട. എയർമാർഷൽ സി എസ് നായിക്കിന്റെയും നേതൃത്വത്തിൽ രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾ നടന്നിരുന്നു. അന്വേഷണങ്ങളിൽ ഒന്നും യഥാർഥ കാരണം പുറത്തുവന്നില്ല. ചുഴലിക്കാറ്റടിച്ചാണ് (ടൊർണാഡോ) ട്രെയിൻ അപകടത്തിൽപ്പെട്ടത് എന്നായിരുന്നു സൂര്യനാരായണന്റെ അന്വേഷണ റിപ്പോർട്ടിൽ. ഇതിൽനിന്ന് വ്യത്യസ്‌തമായിരുന്നില്ല സി എസ് നായിക്കിന്റെ റിപ്പോർട്ടും. റെയിൽവേയുടെ ചരിത്രത്തിൽ ഇത്രയും പരിഹാസവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയ മറ്റൊരു അന്വേഷണ റിപ്പോർട്ടും ഉണ്ടായിട്ടില്ല. അപകടദിവസം ചെറിയ ചാറ്റൽ മഴ പെയ്‌തത് ഒഴിച്ചാൽ പെരുമണിൽ ചുഴലിക്കാറ്റ് ഉണ്ടായില്ല എന്നതാണ് വസ്‌തുതയെന്ന് പഴമക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികൾ ഉൾപ്പെടെ എല്ലാവരുടെയും സാമാന്യ ബുദ്ധിയെ ചോദ്യംചെയ്യും വിധമായി അന്വേഷണ റിപ്പോർട്ടുകൾ. ഇതിനെതിരെ വലിയ പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും ഉയർന്നുവന്നിരുന്നു. കുറ്റക്കാരെ സംരക്ഷിച്ചുള്ള റെയിൽവേയുടെ പൊള്ളത്തരത്തിനെതിരെ കൊല്ലത്തും വിവിധ സംഘടനകൾ പ്രതിഷേധം നടത്തി. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുവന്ന ഐലൻഡ് എക്സ്പ്രസിന്റെ 10ബോഗിയാണ് 1988 ജൂലൈ എട്ടിന് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിൽ മറിഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമായിരുന്നു ഇത്. 105പേരുടെ ജീവൻ നഷ്ടപ്പെട്ടതുകൂടാതെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ജീവൻ പൊലിഞ്ഞവരുടെ ഓർമയ്‌ക്കായി പെരുമൺ പാലത്തിന് സമീപം അഷ്‌ടമുടിക്കായലിന്റെ തീരത്ത് സ്‌മൃതിമണ്ഡപം ഒരുക്കിയിട്ടുണ്ട്. അവിടെ ബുധനാഴ്‌ച രാവിലെ ഒന്പതിന് ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടക്കും.











0 comments