print edition സിഐടിയു സമ്മേളനത്തിൽ ചുവപ്പാരവം

സിഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലിയിൽ നിന്ന്
കോട്ടയം: ചോര നീരാക്കുന്ന തൊഴിലാളികൾ പടയായി എത്തി, കടലായി ഇരമ്പി. മുദ്രാവാക്യങ്ങളാൽ നെഹ്‌റു സ്‌റ്റേഡിയം പ്രകമ്പനംകൊണ്ടു. അക്ഷരനഗരയിൽ അവകാശപോരാട്ടങ്ങളുടെ പുതുയുഗം പിറന്നു. സിഐടിയു സമ്മേളനത്തിന്റെ സമാപന റാലി ആവേശമായി. 47 വർഷത്തിനുശേഷം കോട്ടയത്ത് വിരുന്നെത്തിയ സമ്മേളനത്തിന് അവിസ്‌മരണീയ സമാപനം.
തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്രമുറങ്ങുന്ന കോട്ടയത്തിന്റെ മണ്ണിൽ നടന്ന 16–ാമത് സിഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് വി എസ് അച്യുതാനന്ദൻ നഗറിൽ(നാഗമ്പടം നെഹ്റു സ്‌റ്റേഡിയം) നടന്ന റാലിയിൽ തൊഴിലാളികളും കുടുംബാംഗങ്ങളുമായി ലക്ഷം പേർ അണിനിരന്നു. സമ്മേളന പ്രതിനിധികൾ കാൽനടയായി പൊതുസമ്മേളന നഗറിലേക്കെത്തി. ആയിരം ചുവപ്പുസോംഗങ്ങളും 16 ബുള്ളറ്റ് മോട്ടോർ സൈക്കിളുകളും ജാഥയ്‌ക്ക് അകമ്പടിയായി.
ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ, പാതയോരങ്ങളിൽ ആവേശം വിതറിയാണ് ജാഥ വി എസ് അച്യുതാനന്ദൻ നഗറിലെത്തിയത്. അപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികൾ മൈതാനത്തേക്ക് ഒഴുകിയെത്തിയിരുന്നു. നിശ്ചയിച്ച സമയത്തിനു മണിക്കൂറുകൾ മുമ്പേ തൊഴിലാളികൾ എത്തിത്തുടങ്ങിയിരുന്നു.
ബാൻഡ് വാദ്യവും പഞ്ചാരിമേളവുമായി സമ്മേളനനഗറിലേക്ക് ചെറുപ്രകടനങ്ങൾ ഒഴുകി. വർഗബഹുജന സംഘടനകളുടെ അഭിവാദ്യങ്ങൾക്ക് പ്രത്യഭിവാദ്യമേകി. ഉയരെ പാറിയ ചെമ്പതാകകൾ ആവേശക്കടൽ തീർത്തു. പൊതുസമ്മേളനത്തിനു മുന്നോടിയായി സൗപർണിക താൻസൻ നയിച്ച ഗാനോത്സവം അരങ്ങേറി. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.









0 comments