print edition പോരാട്ടവഴികൾ വിപുലം

കോട്ടയം: എല്ലാ തൊഴിൽമേഖലയിലും സ്വാധീനം വർധിപ്പിക്കുക, പുതുതലമുറ തൊഴിലുകളിലെ ചൂഷണങ്ങൾ ചെറുക്കുക എന്നിവയ്‌ക്ക് പ്രാധാന്യം നൽകുന്ന ഭാവിപരിപാടികളാണ് സംസ്ഥാന സമ്മേളനത്തിൽ ആസൂത്രണം ചെയ്‌തത്. അംഗസംഖ്യ മൂന്ന് വർഷത്തിനുള്ളിൽ 38 ലക്ഷമാക്കും. പതിനാറാം സംസ്ഥാനസമ്മേളനം അംഗീകരിച്ച സംഘടനാ പുതുക്കൽ മാർഗരേഖ സംസ്ഥാന, ജില്ലാ സംഘടനാ ശിൽപശാലകൾ വിളിച്ച് നടപ്പാക്കും.
യുവ തൊഴിലാളികളുടെ സ്റ്റിയറിങ് കമ്മിറ്റി പ്രവർത്തനം കുറെക്കൂടി ശക്തിപ്പെടുത്തും. സെക്ടർ തിരിച്ച് സംസ്ഥാനത്തെ മൊത്തം തൊഴിലാളികളുടെയും ഡാറ്റ മാപ്പിങ് തയ്യാറാക്കും. തൊഴിലാളിവർഗ പ്രത്യയശാസ്ത്ര പഠനത്തിന് ആനത്തലവട്ടം ആനന്ദൻ പഠനഗവേഷണ കേന്ദ്രത്തെ സജ്ജമാക്കും. റാഞ്ചി വർക്കിങ് കമ്മിറ്റി നിർദ്ദേശങ്ങളും ഒരുവർഷത്തെ ആക്ഷൻ പ്ലാനും നടപ്പാക്കും. ഏരിയ, -പഞ്ചായത്ത്-, മുനിസിപ്പൽ കോ -ഓർഡിനേഷൻ കമ്മിറ്റികളെ പുതുക്കിയ സംഘടനാ മാർഗരേഖയനുസരിച്ച് പ്രവർത്തനസജ്ജമാക്കും. അതിഥിത്തൊഴിലാളികളെ എല്ലാ ജില്ലയിലും അവർ തൊഴിൽ ചെയ്യുന്ന രംഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കും.
പുതുതലമുറ സ്ഥാപനങ്ങളിലും ഐടി സ്ഥാപനങ്ങളിലും ഗിഗ് പ്ലാറ്റ്ഫോം മേഖലയിലും സിഐടിയു സാന്നിധ്യം ഉറപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയും വികസന സാധ്യതകളും ചർച്ച ചെയ്‌ത് നിർദേശങ്ങൾ തയ്യാറാക്കി വ്യവസായ പുനരുദ്ധാരണത്തിന് വഴിയൊരുക്കും. കയർ, കശുവണ്ടി, കൈത്തറി സഹകരണ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ പഠനറിപ്പോർട്ടുകൾ തയ്യാറാക്കി സർക്കാരുമായി സഹകരിച്ച് പരമ്പരാഗത മേഖലയുടെ സംരക്ഷണം ഉറപ്പാക്കാനും സമ്മേളനം തീരുമാനിച്ചു. തൊഴിലാളി യൂണിയനുകളെ ഇല്ലാതാക്കാനുള്ളനീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ പുതിയ പോർമുഖങ്ങൾ തുറന്നാണ് സമ്മേളനം സമാപിച്ചത്.









0 comments