ad
Deshabhimani

print edition 'വ്യവസായ' 
നിർവചനത്തിലെ മാറ്റം തൊഴിലാളിവിരുദ്ധം: സിഐടിയു

citu

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 23, 2026, 01:30 AM | 1 min read

തിരുവനന്തപുരം: തൊഴിലാളികൾ പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംരക്ഷണങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് പ്രീണനനയങ്ങളുടെ തുടർച്ചയാണ് ‘വ്യവസായം' എന്ന വാക്കിന് പുതിയ നിർവചനം നൽകിയ സുപ്രീംകോടതി വിധി എന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി.


ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ 1978-ൽ പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ വിധി തിരുത്തിക്കുറിച്ചാണിത്‌. തൊഴിലാളികൾക്കാകെ തിരിച്ചടിയാകുന്ന പുതിയ വിധിക്കെതിരെയും കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.


1947-ലെ വ്യവസായതർക്ക നിയമപ്രകാരം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളെയും തൊഴിലാളി സംരക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയായിരുന്നു വി ആർ കൃഷ്ണയ്യർ ‘വ്യവസായം' എന്നതിന് വിശാലമായ നിർവചനം നൽകിയത്.


എന്നാൽ, പുതിയ വിധിയിൽ ഇത്തരം സ്ഥാപനങ്ങളെ വ്യവസായ നിർവചനത്തിൽനിന്ന് ഒഴിവാക്കി. ഇത് ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജോലിസ്ഥിരതയെയും നിയമപരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കും.


മോദിസർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരം വിധികളെന്നത് ആശങ്കാജനകമാണ്. തൊഴിലാളികൾക്ക് പ്രയോജനകരമായിരുന്ന 29 തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കി, കോർപറേറ്റ് ഉടമകൾക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാനും ജോലിസമയം പരിധിയില്ലാതെ കൂട്ടാനും അനുവാദം നൽകുന്നതാണ് ലേബർ കോഡുകൾ.


ലേബർ കോഡുകൾക്ക് അനുസൃതമായ നിയമനിർമാണങ്ങൾ നടപ്പാകുന്നതോടെ തൊഴിലാളികളുടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾപോലും ഇല്ലാതാകും.


തൊഴിലാളികളെ ലാഭം ഉണ്ടാക്കാനുള്ള യന്ത്രങ്ങളായി മാത്രം കാണുന്ന മുതലാളിത്ത നയങ്ങൾക്കാണ് കേന്ദ്രസർക്കാരും കോടതിവിധികളും വഴിയൊരുക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിരോധനിര ഉയർന്നുവരണം. ഭരണഘടനാപരമായ അവകാശങ്ങളും തൊഴിൽസുരക്ഷയും സംരക്ഷിക്കാൻ തൊഴിലാളികളെ അണിനിരത്തി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും സിഐടിയു പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home