തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കിയ കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിക്കുക - സിഐടിയു

ന്യൂഡൽഹി: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ ഏകപക്ഷീയമായി നടപ്പാക്കിയ കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ സിഐടിയു. 29 തൊഴിൽ നിയമങ്ങൾ " ഈസ് ഓഫ് ഡൂയിങ് ബിസിനസ് " എന്ന പേരിൽ 4 ലേബർ കോഡുകളാക്കി നടപ്പിലാക്കുവാൻ കേന്ദ്ര - ബിജെപി സർക്കാർ 2020 മുതല്‍ ശ്രമം തുടങ്ങിയതാണ്. തൊഴിലാളി വർഗം ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഈ നീക്കങ്ങൾക്കെതിരെ പാർലമെന്റിലും, രാജ്യത്തുടനീളവും തുടർച്ചയായ പ്രതിഷേധം ഉയർത്തിയതാണ്.
മൂന്ന് ദേശീയ പണിമുടക്കുകളിലായി 25 കോടിയോളം തൊഴിലാളികളും, കർഷക - കർഷകത്തൊഴിലാളി സംഘടനകളും നിർദ്ദിഷ്ട ലേബർ കോഡുകൾക്ക് എതിരെ ഒറ്റകെട്ടായി അണിനിരന്നു. ട്രേഡ് യൂണിയനുകളുമായി ഒരു ചർച്ച പോലും നടത്താൻ തയ്യാറാവാതെ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചും വെല്ലുവിളിച്ചുമാണ് 2025 നവംബർ 21 ന് കേന്ദ്ര സർക്കാർ പത്രക്കുറിപ്പിലൂടെ 4 ലേബർ കോഡുകളും, നടപ്പിലാക്കിയതായി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നടപ്പിലാക്കിയ ലേബർ കോഡുകളുടെ വിശദാംശങ്ങൾ പഠിച്ചതിനു ശേഷം കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾക്ക് രൂപം കൊടുക്കേണ്ടി വരും. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളുടെ തനിനിറമാണ് പുതിയ നീക്കത്തിലൂടെ വെളിവായിരിക്കുന്നത്. മൂലധന ശക്തികളുടെയും, കുത്തകകളുടെയും മൂടുതാങ്ങികളാണ് ബിജെപി സർക്കാർ എന്നത് ഒരിക്കൽക്കൂടി വ്യക്തമാകുന്നു.
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം അടിയന്തിരമായി എല്ലാ തൊഴിൽ മേഖലകളിലും, കേരളമെമ്പാടും ഉയരണം. ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമാകുവാൻ എല്ലാ വിഭാഗം തൊഴിലാളികളോടും ട്രേഡ് യുണിയനുകളോടും സിഐടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നതായും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി









0 comments