print edition രാജ്യാന്തര യാത്രക്കാർക്ക് ഡിജിയാത്ര സേവനമൊരുക്കി സിയാൽ

നെടുമ്പാശേരി : അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജിയാത്ര സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാൽ. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്. ഇ -പാസ്പോർട്ടുകളും ബയോമെട്രിക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡിജിയാത്ര സംവിധാനം പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര സർവീസ് നടത്തുന്ന തെരഞ്ഞെടുത്ത വിമാനക്കമ്പനികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം നടപ്പാക്കിയത്. യാത്രക്കാരുടെ തിരിച്ചറിയൽ, ടെർമിനൽ പ്രവേശനം, സുരക്ഷാ പരിശോധന എന്നിവയ്ക്ക് രേഖകളുടെ ഉപയോഗം കുറയ്ക്കാനാകും.
യാത്രാനടപടികൾ കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം. 2023ലാണ് സിയാലിൽ ആഭ്യന്തരയാത്രക്കാർക്കായി ഡിജിയാത്ര ആരംഭിച്ചത്. ആഭ്യന്തരയാത്രക്കാരിൽ മൂന്നിലൊരാൾ സൗകര്യം പ്രയോജനപ്പെടുത്തുന്നു. സിയാലിന്റെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ച ഇ -ബോർഡിങ് സോഫ്റ്റ്വെയറാണ് സംവിധാനത്തിന്റെ അടിസ്ഥാനം. സ്വന്തം പ്രവർത്തനങ്ങൾക്കായി വികസിപ്പിച്ച സോഫ്റ്റ്വെയറുകളും അനുബന്ധ സാങ്കേതികവിദ്യയും സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ് ലിമിറ്റഡിലൂടെ മറ്റു വിമാനത്താവളങ്ങൾക്കും ലഭ്യമാക്കും.
സിയാലിന്റെ കൺസൾട്ടൻസി സേവനങ്ങളുടെ ആദ്യ ഗുണഭോക്താവാണ് പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളം. യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി സിയാൽ തദ്ദേശീയമായി വികസിപ്പിച്ച പാസഞ്ചർ വെരിഫിക്കേഷൻ സിസ്റ്റം ഇവിടെ ലഭ്യമാക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.









0 comments