ad
Deshabhimani

print edition 4–ാം വർഷവും കോടിയിലധികം
യാത്രക്കാരുമായി സിയാൽ

Cochin.jpg

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

വെബ് ഡെസ്ക്

Published on May 08, 2026, 01:49 AM | 1 min read

നെടുമ്പാശേരി: വ്യോമയാന മേഖലയിൽ ആഗോളതലത്തിലെ പ്രതിസന്ധികൾക്കിടയിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടർച്ചയായ നാലാം സാമ്പത്തിക വർഷത്തിലും ഒരു കോടിയിലധികം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചു. 2025–-26 സാമ്പത്തികവർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി സഞ്ചരിച്ചത്.


വിമാനത്താവളം വഴി 73,134 വിമാന സർവീസുകളും കൈകാര്യം ചെയ്തു. 2025 മേയ് മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ യാത്രക്കാർ. മെയ്‌മാസം 11,07,184 യാത്രക്കാരാണ് സിയാലിലൂടെ യാത്രചെയ്തത്. 2025–-26ൽ സിയാൽ കൈകാര്യം ചെയ്ത ആകെ യാത്രക്കാരിൽ 54,01,939 പേർ അന്തർദേശീയ യാത്രക്കാരും 60,40,644 പേർ ആഭ്യന്തര യാത്രക്കാരുമായിരുന്നു.


31,505 അന്താരാഷ്ട്ര സർവീസുകളും 41,629 ആഭ്യന്തര സർവീസുകളും സിയാൽ കൈകാര്യം ചെയ്തു. 2025-ന്റെ അവസാനം വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മൂലവുമുണ്ടായ അന്താരാഷ്ട്ര വ്യോമഗതാഗത തടസങ്ങളെല്ലാം നിലനിന്നിരുന്നെങ്കിലും സിയാലിൽ 2.2 ശതമാനം യാത്രക്കാരുടെ വളർച്ച ഉണ്ടായി.


മറ്റെല്ലാ അവസരങ്ങളിലും വർഷംമുഴുവൻ സ്ഥിരതയാർന്ന യാത്രാതിരക്ക് നിലനിർത്താനും വിവിധ സീസണുകളിലുണ്ടായ ഉയർന്ന യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സിയാലിന് കഴിഞ്ഞു. സിയാൽ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യ വികസനവും യാത്രാസൗകര്യ വർധനവും പ്രവർത്തന കാര്യക്ഷമതയുമാണ് വളർച്ചയുടെ പ്രധാന ഘടകം.


സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസിങ്‌ സംവിധാനങ്ങളും യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കിയതായും സിയാൽ മാനേജിങ്‌ ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ഫുൾ ബോഡി സ്കാനറുകൾ നടപ്പിലാക്കിയതോടെ സുരക്ഷാ പരിശോധനകൾ കൂടുതൽ ആധുനികമാകുകയും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുകയും ചെയ്തു. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനൊപ്പം സേവന നിലവാരവും ഉയർത്താൻ വിവിധ പദ്ധതികളിലൂടെ സിയാലിന് കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home