print edition അപരനും ചിഹ്നവും മുരുകദാസിനെ പരാജയപ്പെടുത്തി

പാലക്കാട്: ചിറ്റൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി മുരുകദാസിന്റെ പരാജയത്തിനിടയാക്കിയത് അപരനും ചിഹ്നവും. യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ വിജയിച്ചത് 6,510 വോട്ടിനാണ്. ഭൂരിപക്ഷത്തിനും മുകളിൽ 6,984 വോട്ടാണ് മാല അടയാളത്തിൽ മത്സരിച്ച അപരൻ മുരുകദാസ് നേടിയത്.
എൽഡിഎഫ് സ്ഥാനാർഥി വി മുരുകദാസ് മോതിരം ചിഹ്നത്തിലും അപരൻ മുരുകദാസ് പി സൺ ഓഫ് പഴനിയപ്പ മുതലിയാർ നെക്‌ലസ് ചിഹ്നത്തിലുമാണ് മത്സരിച്ചത്. ബാലറ്റ് പേപ്പറിൽ അടുത്തടുത്താണ് ഇരുവരുടെയും പേര്. നെക്‌ലസും മോതിരവും ബാലറ്റ് മെഷീനിൽ കാണാനും ഒരുപോലെ.
മലയാളം വായിക്കാനറിയാത്ത മണ്ഡലത്തിലെ വലിയൊരു വിഭാഗം തമിഴ് വോട്ടർമാർ ചിഹ്നം മാറിക്കുത്താനുള്ള സാധ്യത ഏറെയാണ്. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പിൻഗാമിയായി മത്സരിച്ച വി മുരുകദാസ് 58,815 വോട്ടാണ് നേടിയത്. യുഡിഎ-ഫ് സ്ഥാനാർഥി 65,325 വോട്ടും എൻഡിഎ സ്ഥാനാർഥി 14,697 വോട്ടും നേടി.
തെരഞ്ഞെടുപ്പിന്റെ നിശ്ശബ്‌ദ പ്രചാരണദിവസം കോൺഗ്രസുകാർ വാഹനത്തിലെത്തി നെക്‌ലസ് ചിത്രം അച്ചടിച്ച പോസ്‌റ്ററുകൾ മണ്ഡലത്തിലെ പലഭാഗത്തും വിതറുകയും ഒട്ടിക്കുകയും ചെയ്‌തിരുന്നു. ഇത് എൽഡിഎഫ് പ്രവർത്തകർ പിടികൂടി പൊലീസിനെയും തെരഞ്ഞെടുപ്പ് കമീഷനെയും അറിയിച്ചിരുന്നു.










0 comments