ad
Deshabhimani

print edition വികസന നിറവിൽ നേമം; സുവർണകാലത്തിന്റെ ഫ്രെയിമിലേക്ക്‌ ചിത്രാഞ്ജലി

Chithranjali studio.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സ്ഥലം ചിത്രാഞ്ജലി സ്റ്റുഡിയോ. എഡിറ്റിങ്‌ ടേബിളിൽ ‘സ്വാമിയും വർക്കിയും’. പ്രമുഖ എഡിറ്റർ ബി ലെനിൻ ‘ഫൈനൽ കട്ടി’ന്റെ തിരക്കിലാണ്‌. ‘വീണപൂവ്‌’ എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന സംവിധായകൻ അമ്പിളിയുടെ 22 വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള ചിത്രം.


‘വലിയ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. എങ്കിലും ഇവിടെ ഇരുന്ന്‌ ജോലി ചെയ്യുന്നതാണ്‌ ഏറ്റവും കംഫർട്ട്‌. 1980–95 ഒക്കെ മലയാളസിനിമയുടെയും ചിത്രാഞ്ജലി സ്റ്റുഡിയോയുടെയും സുവർണകാലഘട്ടമായിരുന്നു. നൂതനസ‍ൗകര്യങ്ങൾ യാഥാർഥ്യമാകുന്നതോടെ ചിത്രാഞ്ജലി പഴയ പ്രതാപത്തിലേക്ക്‌ മടങ്ങിയെത്തും’– ബി ലെനിൻ പറയുന്നു. ചിത്രാഞ്ജലിയിൽ പത്മരാജൻ അടക്കമുള്ളവർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളും അദ്ദേഹം പങ്കുവച്ചു.


എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ സമ്പൂർണ സിനിമാ നിർമാണകേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ വികസിക്കുകയാണ്‌. നവീകരണത്തിന്റെ ആദ്യഘട്ടം ഉദ്‌ഘാടനം രണ്ടാഴ്‌ചമുമ്പ്‌ നടന്നു.


ചിത്രാഞ്ജലിയെ ലോകോത്തര നിലവാരത്തിലുള്ള ‘കംപ്ലീറ്റ് ഫിലിം പ്രൊഡക്‌ഷൻ ഹബ്ബാ'ക്കാൻ 150 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിന് 67.17 കോടി കിഫ്ബി അംഗീകാരം ലഭിച്ചു. അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, ഡിജിറ്റൽ ഇന്റർമീഡിയറ്റ് ബിൽഡിങ്‌, ഉപകരണ സംഭരണകേന്ദ്രം, സബ്സ്റ്റേഷൻ, റോഡുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയാക്കി. ഷൂട്ടിങ്ങിന്‌ ആവശ്യമായ ആധുനിക ലൈറ്റുകളും വാങ്ങി.


ഡോൾബി അറ്റ്മോസ് മിക്‌സിങ്‌ തിയറ്റർ, ഡബ്ബിങ്‌ സ്യൂട്ട്, ഫോളി സ്റ്റുഡിയോ, പ്രീ-മിക്‌സ് സ്യൂട്ട്, ഡിഐ സ്യൂട്ടുകൾ തുടങ്ങിയവയും ഇവിടെ ഒരുക്കും. ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ആധുനിക സ്റ്റോറേജ് സംവിധാനം, ഗ്രീൻ മാറ്റ് ഷൂട്ടിങ്‌ ഫ്ലോർ, ഫയർഫൈറ്റിങ്‌ സംവിധാനങ്ങൾ ഉൾപ്പെടെ സമഗ്രവികസനമാണ് നടക്കുന്നത്‌.


‘ആധുനിക സംവിധാനങ്ങൾ വരുന്നതോടെ ചിത്രാഞ്ജലി വീണ്ടും സജീവമാകുകയാണ്‌. ഇംഗ്ലണ്ടിൽനിന്നൊക്കെയാണ്‌ സാധനങ്ങൾ കൊണ്ടുവരുന്നത്‌. മുന്പൊക്കെ മാസത്തിൽ അഞ്ച്‌ സിനിമവരെ ഇവിടെ നടന്നിരുന്നു. മുഴുവൻ സംവിധാനങ്ങളും സജ്ജമാകുന്നതോടെ വീണ്ടും ഉഷാറാകും’– 35 വർഷമായി ചിത്രാഞ്ജലി ജീവനക്കാരനായ മുട്ടത്തറ സ്വദേശി ജോയിയുടെ വാക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home