print edition ചിത്രപ്രിയയുടെ കൊലപാതകം ; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

കാലടി
പത്തൊന്പതുകാരി ചിത്രപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലനെ മലയാറ്റൂരിലെത്തിച്ച് തെളിവെടുത്തു. പെൺകുട്ടി മരിച്ചുകിടന്ന സെബിയൂർ മണപ്പാട്ടുച്ചിറ റോഡിൽ കൂരാപ്പിള്ളി കയറ്റത്തിനുസമീപത്തെ പറമ്പിലും മണപ്പാട്ടുചിറ പരിസരത്തും തെളിവെടുപ്പ് നടത്തി.
ചിത്രപ്രിയയെ കല്ലിനടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിവെടുപ്പിനിടെ അലൻ പൊലീസിനോട് സമ്മതിച്ചു. കൊലപാതകം നടന്ന രാത്രിയിൽ ചിത്രപ്രിയയുടെ പുതിയ ആൺസുഹൃത്തിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ തർക്കമുണ്ടാകുകയും കല്ലിന് തലയ്‌ക്കടിക്കുകയുമായിരുന്നു. ബോധമറ്റ് വീണ പെൺകുട്ടിയുടെ തലയ്‌ക്കുമുകളിൽ വലിയൊരു കല്ലുകൂടി വച്ചു. തുടർന്ന് അലൻ പുഴയിൽ കുളിച്ച് വേഷവും ഷൂവും മാറി. പിന്നീട് ഫോണിൽ വിളിച്ചുവരുത്തിയ സുഹൃത്തിന്റെ ബൈക്കിൽ രക്ഷപ്പെട്ടു.
കൊലപ്പെടുത്താനുപയോഗിച്ച കല്ല് പൊലീസ് തൊണ്ടിയായി എടുത്തു. പ്രതിയെയുംകൊണ്ട് തിങ്കളാഴ്ചയും തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്‌ച പ്രതിയെ കോടതിയിൽ ഹാജരാക്കും.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ വീട്ടിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയയെ ആറിനാണ് കാണാതാകുന്നത്. ഒന്പതിന് സെബിയൂർ മണപ്പാട്ടുച്ചിറ റോഡിൽ കൂരാപ്പിള്ളി കയറ്റത്തിനുസമീപം ആളൊഴിഞ്ഞപറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറിന് വൈകിട്ട് ആറിന് പരിസരത്തെ ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ പുറത്തുപോയത്. ക്ഷേത്രത്തിലും വീട്ടിലും വരാത്തതിനെത്തുടർന്ന് രാത്രി 11ന് അച്ഛൻ ഷൈജു, അലനെ വിളിച്ച് വിവരങ്ങൾ തിരക്കി. തങ്ങൾ ഇരുവരും തമ്മിൽ കണ്ടെന്നും വൈകിട്ട് പിരിഞ്ഞുവെന്നും അറിയിച്ചു. തുടർന്ന് കാലടി പൊലീസിൽ പരാതി നൽകി. ചിത്രപ്രിയയും അലനും മലയാറ്റൂരിൽ ബൈക്കിൽ ചുറ്റുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് ചോദ്യംചെയ്യലിലാണ് അലൻ കുറ്റം സമ്മതിച്ചത്.










0 comments