വർണാഭമായി ശിശുദിനാഘോഷം

childrens day celebration

തിരുവനന്തപുരത്ത് നടന്ന ശിശുദിനാഘോഷ പരിപാടിയിൽ നിന്ന്

വെബ് ഡെസ്ക്

Published on Nov 14, 2025, 07:42 PM | 2 min read

തിരുവനന്തപുരം : രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ എങ്ങും ശിശുദിനം ആഘോഷിച്ചു. സ്‌കൂളുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, ബാലഭവനുകൾ എന്നിവിടങ്ങളിൽ വർണാഭമായി ശിശുദിനം ആഘോഷിച്ചു. വിവിധയിടങ്ങളിൽ ശിശുദിനറാലികളുമുണ്ടായി.


തലസ്ഥാനത്ത് കുട്ടികളുടെ വർണ്ണ ശമ്പളമായ ഘോഷയാത്ര നടന്നു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഇരുപതിനായിരത്തിൽപരം കുട്ടികൾ അണിനിരന്നു. രാവിലെ 9.30 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി റാലി ഫ്ലാഗ് ഓഫ് ചെയ്തു. നിശാഗന്ധിയിലാണ് റാലി അവസാനിച്ചത്. 5000ത്തിൽ പരം എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, സ്റ്റുഡൻസ് പൊലീസ് എന്നിവരുടെ മാർച്ച് പാസ്റ്റും നടന്നു. കനകക്കുന്നിൽ കുട്ടികളുടെ പൊതു സമ്മേളനം പ്രധാനമന്ത്രി ദുർഗ്ഗ ജിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആരാധന പ്രവീൻ അധ്യക്ഷയായ ചടങ്ങിൽ സ്പീക്കർ ഏയ്ഞ്ചൽ എസ് മുഖ്യ പ്രഭാഷണം നടത്തി. ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ദേവ്നന്ദ് സ്വാഗത ഗാനം പാടി.


childrens day celebrationതിരുവനന്തപുരത്ത് നടന്ന ശിശുദിനാഘോഷ പരിപാടിയിൽ നിന്ന്


മന്ത്രി വീണ ജോർജ്, ഗായിക വൈക്കം വിജയലക്ഷ്മി വി ജോയി എംഎൽഎ എന്നിവർ ശിശുദിന സന്ദേശം നൽകി. 2025-26 ലെ ശിശുദിന സ്റ്റാമ്പ് മന്ത്രി വീണ ജോർജ് വി ജോയി എംഎൽഎക്കു കൈമാറി പ്രകാശനം ചെയ്തു. ശിശുദിന സ്റ്റാമ്പ് വരച്ച കോഴിക്കോട് ഫറോക്ക് ഗവൺമെൻ്റ് ഗണപത് വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിനി വൈഗ വികെയ്ക്കും സ്കൂളിനുമുള്ള ട്രോഫിയും കുട്ടികളുടെ നേതാക്കളുടെ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, ട്രഷറർ കെ ജയപാൽ, എക്സിക്യൂട്ടിവ് അംഗം ഒ എം ബാലകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ എസ് വിനോദ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.


മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിനസന്ദേശം സമ്മേളനത്തിൽ വായിച്ചു. ഒരോ കുട്ടിയും ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ തുല്യ അവസരങ്ങൾ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിശുദിന സന്ദേശത്തിൽ പറഞ്ഞു. അതിനായി നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാൻ ബഹുവിധമായ ഇടപെടലുകൾ ആവശ്യമാണ്. രക്ഷിതാക്കളും അധ്യാപകരും സർക്കാർ സംവിധാനങ്ങളും അതിനായി ഒരോ മനസോടെ പ്രവർത്തിക്കണം. കുട്ടികൾക്ക് അവരുടെ മനോവിഷമങ്ങൾ തുറന്നു പറയാൻ കഴിയണം. കൊള്ളെണ്ടതിനെ കൊള്ളാനും മറ്റുള്ളവ തള്ളാനും അവരെ പ്രാപ്തരാക്കണം. നിർഭയമായി പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനുമുള്ള ആമ്മവിശ്വാസവും മനോധൈര്യം അവർക്ക് പകർന്നു നൽകണം- മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.


വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യയുടെ മനോഹാരിതയെന്നും ആരൊക്കെ വൈരുധ്യം ഉണ്ടാക്കാൻ ശ്രമിച്ചാലും എത്ര വ്യത്യസ്തത ഉണ്ടെങ്കിലും നാടിനെ ചേർത്ത് നിർത്തുന്നത് വൈവിധ്യങ്ങളാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരോ കുഞ്ഞിൻ്റെയും മനസിലൂടെ ഒഴുകുന്നത് സമന്വയമാണ്. ഒരോ ബാല്യവും വിലപ്പെട്ടതാണ്. ബാല സൗഹൃദ കേരളം എന്ന സർക്കാരിൻ്റെ സ്വപ്നം ലക്ഷ്യപ്രാപ്തിയിലാണ്. ഒരോ കുട്ടിയും സംരക്ഷിക്കപ്പെടെണ്ടവരും അവരുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. ശിശു​ദിന സന്ദേശം നൽകാനെത്തിയ ​ഗായിക വൈക്കം വിജയലക്ഷ്മി കുട്ടികളെ പാട്ടുപാടി കയ്യിലെടുത്തു.

ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ എൽപി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള സ്കൂളുകൾക്കുള്ള മത്സരത്തിൽ വെള്ളായണി ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഒന്നാം സ്ഥാനം നേടി. തുടർച്ചയായി 13-ാം വർഷമാണ് സ്കൂൾ ഒന്നാം സ്ഥാനം നേടുന്നത്. ഈ ഇനത്തിൽ രണ്ടാം സ്ഥാനം പേരൂർക്കട ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം കാർമൽ ഹയർ സെക്കൻഡറി സ്കൂളും നേടി. എൽപി മാത്രമുള്ള സ്കൂളുകളിൽ കോട്ടൺ ഹിൽ ഗോൾഡ് ഹയർ സെക്കൻഡറി സ്ക്കൂൾ ഒന്നാം സ്ഥാനവും യുപി വരെയുള്ള സ്കൂളുകളിൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂൾ ഒന്നാം സ്ഥാനവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Home