സഹോദരിമാരുടെ മക്കൾ തോട്ടിൽ മുങ്ങിമരിച്ചു

മഞ്ചേരി: പൂക്കോട്ടൂരിൽ സഹോദരിമാരുടെ മക്കൾ തോട്ടിൽ മുങ്ങിമരിച്ചു. മേൽമുറി ചേർതൊടി അഫ്സൽ– ഫെബിന റിൻസി ദമ്പതികളുടെ മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീൽ– തസ്നിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫഹ്ലാൻ (4) എന്നിവരാണ് മരിച്ചത്.
ചൊവ്വ പകൽ രണ്ടോടെ പിലാക്കൽ മാണിക്കംപാറ പരപ്പതോട്ടിലാണ് അപകടം. പൂക്കോട്ടൂർ മാണിക്കംപാറയിൽ മാതൃപിതാവ് ശിഹാബുദ്ദീന്റെ വീട്ടിൽ വിരുന്നെത്തിയതായിരിന്നു ഇരുവരും. കിഴിശേരിയിൽ വീടുപണി നടക്കുന്നതിനാൽ തസ്നിമയും മകനും ദിവസങ്ങളായി ഇവിടെയാണ് താമസം. വേനലിൽ വെള്ളം കുറവായതിനാൽ വീടിനുസമീപത്തെ തോട്ടിൽ കളിക്കാൻ പോയതായിരുന്നു കുട്ടികൾ. എന്നാൽ കഴിഞ്ഞ ദിവസംപെയ്ത മഴയിൽ ആഴമേറിയ ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വൈള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂക്കോട്ടൂർ പികെഎംഐസി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് ആദിൽ ഫിറാസ്. ഫാത്തിമ ആയിഷയാണ് സഹോദരി. മഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റി.










0 comments