print edition ഹജ്ജ് കമ്മിറ്റിയിലും മുഖ്യമന്ത്രിയുടെ ഇടപെടൽ: ലീഗ് എംഎൽഎയെ വെട്ടി, വിശ്വസ്‌തന് വഴിയൊരുക്കി

ആർ ഹനീഷ്‌കുമാർ
Published on Aug 04, 2026, 01:30 AM | 1 min read
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലും പിടിമുറുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. മുസ്ലിം ലീഗ് എംഎൽഎയെ വെട്ടി മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ കോൺഗ്രസ് എംഎൽഎ കെ പി നൗഷാദലിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ലീഗിലെ ടി വി ഇബ്രാഹിം എംഎൽഎയാണ് മറ്റൊരംഗം.
ഹജ്ജ് കമ്മിറ്റിയുടെ ആസ്ഥാനമായ കരിപ്പൂർ കൊണ്ടോട്ടി മണ്ഡലത്തിലാണ്. ഇവിടെനിന്നുള്ള എംഎൽഎ ടി പി അഷറഫ് അലിയെ ഉൾപ്പെടുത്താനായിരുന്നു ലീഗ് നേതൃത്വത്തിന് താൽപ്പര്യം. ഹജ്ജ് കമ്മിറ്റിയുടെ ക്യാന്പും ഹജ്ജ് യാത്രയുടെ പ്രധാനകേന്ദ്രവും കരിപ്പൂരിലെ ഹജ്ജ് ഹൗസാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിൽ സ്ഥലം എംഎൽഎ അഷറഫ് അലി പുറത്തായി. ഒൗദ്യോഗിക പരിപാടികളിൽ എംഎൽഎ പങ്കെടുക്കണമെന്നിരിക്കെയാണ് ഇൗ നടപടി. പകരം വള്ളിക്കുന്ന്, പൊന്നാനി എംഎൽഎമാരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
എൽഡിഎഫ് ഭരണകാലത്ത് കൊണ്ടോട്ടി എംഎൽഎയായ ലീഗിലെ ടി വി ഇബ്രാഹിമിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. വള്ളിക്കുന്ന് എംഎൽഎയായ ഇബ്രാഹിമിനെ വീണ്ടും പരിഗണിച്ചതിൽ ലീഗിലെ ഒരുവിഭാഗത്തിന് അമർഷമുണ്ട്.
2024 നവംബറില്‍ പുനഃക്രമീകരിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് മൂന്ന് വര്‍ഷമാണ് കാലാവധി. രണ്ട് എംഎൽഎയാണ് നിയമാവലി പ്രകാരം കമ്മിറ്റിയിലുണ്ടാവുക. കമ്മിറ്റി അംഗങ്ങളായ ജനപ്രതിനിധികൾ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ഇവരെ നീക്കും. ഇതുപ്രകാരം പി ടി എ റഹിം കമ്മിറ്റിയിൽനിന്ന് പുറത്താകും. കമ്മിറ്റിയിലുണ്ടായിരുന്ന മുഹമ്മദ് മുഹ്‌സിന്‍ പട്ടാന്പിയിൽനിന്നുള്ള എംഎൽഎയാണ്. യുഡിഎഫ് സർക്കാർ ഹജ്ജ് കമ്മിറ്റിയെ രാഷ്ട്രീയ കണ്ണോടെ സമീപിച്ചതോടെ മുഹമ്മദ് മുഹ്‌സിന് കാലാവധി പൂർത്തിയാക്കാൻ കഴിയാതെയായി.










0 comments