എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കിക്കൊണ്ടുള്ള വികസനം നടപ്പാക്കി; ഇടുക്കിയിൽ മുഖ്യമന്ത്രി

ഇടുക്കി: ഇടുക്കിയിൽ സ്വന്തം മണ്ണിൽ നിയമപരമായ അവകാശമില്ലാത്ത ദുരവസ്ഥയിലായിരുന്നു മഹാ ഭൂരിഭാഗവുമെന്നും വലിയ ഉത്കൺഠയും ആശങ്കയും ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിപ്പോൾ അറുതി വരുത്താൻ കഴിഞ്ഞു, അതിനാൽ ഇടുക്കിയിൽ വരുമ്പോൾ വലിയ സന്തോഷമാണുള്ളതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ഇടുക്കിയിൽ പത്ര സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം
സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവന്ന ആയിരക്കണക്കിന് കുടുംബങ്ങൾ മലയോരങ്ങളിലുണ്ടായിരുന്നു. ഇവിടെ ഉൾപ്പെടെ ഉള്ള മലയോര ജില്ലകളിൽ ആകെയുള്ള പൊതുപ്രശ്നമായിരുന്നു അത്. 1964 ലെ ഭൂപതിവ് ചട്ടം ഉയർത്തിക്കാട്ടി നൽകിയ പല പരാതികളുടേയും, തുടർന്നുള്ള കോടതി വ്യവഹാരത്തിന്റേയും ഭാഗമായി ഇടുക്കിയിലെ ഭൂവിനിയോഗ പ്രശ്നം കൂടുതൽ സങ്കീർണമാകുകയായിരുന്നു
2010 ജനുവര് 29 നായിരുന്നു ഹെെക്കോടതി ഉത്തരവ്. ഇതനുസരിച്ച് മൂന്നാർ മേഖലയിലെ നിർമാണം പലതും നിർത്തിവെക്കേണ്ടിവന്നു. ചട്ടപ്രകാരം പതിച്ച് നൽകപ്പെട്ട ഭൂമി കൃഷിയും ഗൃഹനിർമാണവുമല്ലാതെ മറ്റ് ആവശ്യത്തിന് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വന്നു. ആശുപത്രി, വിദ്യാഭ്യാസ്ഥാപനം, ആരാധനാലയങ്ങൾ, കച്ചവട സ്ഥാപനം എന്നി വയെല്ലാം അടങ്ങിയ നിർമാണ പ്രവർത്തനം നിയമവിരുദ്ധണാണെന്ന സ്ഥിതിയായിരുന്നു . 2016 ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ തന്നെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഇടപെടൽ ആരംഭിച്ചു.
അതിനായി സർവകക്ഷിയോഗം, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, പരിസ്ഥിതി പ്രതിനിധികൾ, മാധ്യമരംഗത്തുള്ളവർ എന്നിവരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തു. 2021 ലെ എൽഡിഎഫ് പ്രകടന പത്രികയിൽ ഇടുക്കി ഉൾപ്പെടെ മലയോര മേഖലയിലെ ഈ സവിശേഷ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭൂപതിവ് ഭേദഗതി,അതിനെ തുടർന്നുള്ള ചട്ടഭേദഗതി, തുടർന്നുള്ള ചട്ടങ്ങൾ എല്ലാം വന്നപ്പോൾ നേരത്തെ നൽകിയ ഉറപ്പ് യാഥാർഥ്യമായി.
2023 സെപ്തംബർ 14 നാണ് നിയമസഭയിൽ ഭൂപതിവ് ഭേദഗതി ബിൽ പാസാക്കിയത്. . ജീവനോപാധികൾക്ക് കരുപ്പിടിപ്പിക്കാൻ ഉതകുംവിധം സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഭൂമി വിനിയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു . എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കിക്കൊണ്ടുള്ള ഉൾചേർക്കലിൽ ഊന്നിയ വികസനമണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി











0 comments