കഴക്കൂട്ടത്ത് ശബരിമല ഇടത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ശബരിമല ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വിഎൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ, ദേവസ്വം ബോർഡ് കമീഷണർ ബി സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ശബരിമല ഇടത്താവളം അയ്യപ്പഭക്തർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടകർ വലിയ തോതിൽ പ്രയാസം അനുഭവിച്ചു കൊണ്ടാണ് ശബരിമലയിൽ എത്തുന്നത്. ദീർഘദൂര യാത്രയും മറ്റുമായി. ദീർഘ യാത്ര നടത്തേണ്ടി വരുന്നവർക്ക് ഏതെങ്കിലും ഒരു സ്ഥലത്ത് വിശ്രമിക്കാൻ സൗകര്യമില്ല എന്നത് തീർഥാടകർ നേരിടുന്ന ഏറ്റവും വലിയ വിഷമമാണ്. പ്രധാനമായി ശബരിമല ഉത്സവകാലത്ത് നാം കാണുന്ന കാഴ്ചയാണ് റോഡ് സൈഡിൽ പലയിടത്തും വാഹനങ്ങൾ നിർത്തിയും ആ വാഹനങ്ങളിൽ ബസ്സുകൾ ആണ് അധികവും കൂട്ടമായി അവിടെ തമ്പടിക്കും അങ്ങനെ എല്ലാമുള്ള കാഴ്ചകൾ നമ്മൾ ദീർഘ കാലമായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇത് ശബരിമല എത്തുന്ന ഭക്തർക്ക് ഒട്ടേറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.
അതുകൊണ്ടാണ് 2016 ൽ എൽഡിഎഫ് ഗവൺമെൻറ് ആ കാലത്ത് കടകംപള്ളി സുരേന്ദ്രനാണ് ദേവസ്വം മന്ത്രി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു ആലോചന നടത്താൻ തയ്യാറാക്കുകയും ഇത് ഏതെങ്കിലും തരത്തിൽ പരിഹാരം കാണാൻ കഴിയുമോ എന്ന് ചർച്ചചെയ്യുകയും അതിലൂടെയാണ് ഇടത്താവളം എന്ന ആശയം മുന്നോട്ട് വരുന്നത്. ഇടത്താവളത്തിനായി കണ്ടെത്തിയ സ്ഥലങ്ങളെല്ലാം നല്ല പ്രധാനപ്പെട്ട ഇടങ്ങൾ തന്നെ ആയിരുന്നു. കേരളത്തിൽ ആകെ ആ തരത്തിലുള്ള ഇടത്താവളങ്ങൾ നിർമ്മിക്കണമെന്നാണ് കണ്ടെത്തിയത്. കിഫ്ബിയുടെ ധനസഹായത്തോടെ 12 ഇടത്താവളങ്ങൾ നിർമ്മിക്കാനുള്ള നടപടികളാണ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. ഇതിലെ ആറ് ഇടത്തവളങ്ങളുടെ നിർമ്മാണ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു അതിലൊന്നാണ് കഴക്കൂട്ടത്തിത് ഉദ്ഘാടനം ചെയ്ത ഇടത്താവളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി സഹായത്തോടെ 11 കോടി രൂപ
ചെലവിൽ മൂന്ന് നിലകളിലായി 32,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഇടത്താവളത്തിൻ്റെ നിർമ്മാണം. 300 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 75 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യം. ലോക്കർ റൂം, ലിഫ്റ്റ് സൗകര്യം, വൈഫൈ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ 1.5 കോടി രൂപ ചെലവിൽ ഓപ്പൺ ഓഡിറ്റോറിയവും നിർമ്മിച്ചു.










0 comments