മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: തെളിവുണ്ടായിട്ടും മാധ്യമങ്ങൾക്ക് മൗനം

തിരുവനന്തപുരം
: വയനാട് മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്ക് ചികിത്സാ സഹായം നിലച്ച് അഴിമതിക്ക് വഴിയൊരുങ്ങിയിട്ടും മിണ്ടാട്ടമില്ല. യുഡിഎഫ് സർക്കാരാകുമ്പോൾ വ്യക്തമായ തെളിവ് മുന്നിൽവന്നാലും മൗനം തുടരാനാണ് മാധ്യമങ്ങളുടെ നീക്കം.
എൽഡിഎഫ് ഭരണകാലത്ത് അനർഹർക്ക് പണം നൽകിയെന്നും സാമ്പത്തിക ക്രമക്കേട് നടന്നെന്നും പ്രതിപക്ഷവും മാധ്യമങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു. സർക്കാർ കൃത്യമായ കണക്ക് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. ചെലവായ തുകയും ബാക്കിയും ആർക്കും ഓൺലൈനിൽ പരിശോധിക്കാൻ സൗകര്യമുണ്ടാക്കി.
ലോകായുക്തയിലുൾപ്പെടെവന്ന പരാതികളിൽ അടിസ്ഥാനമില്ലെന്ന് പിന്നീട് കണ്ടെത്തി. പ്രളയം, കോവിഡ് എന്നീ ദുരന്തങ്ങളുണ്ടായപ്പോൾ ദുരിതാശ്വാസ നിധിയിൽ ലഭിച്ചതും വിനിയോഗിച്ചതുമായ പണത്തിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ ഇപ്പോഴും ലഭ്യമാണ്.
ഓൺലൈൻ നടപടികളിലൂടെ സുതാര്യമായും വേഗത്തിലും അർഹരിലേക്ക് ചികിത്സാ സഹായമെത്തിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചെങ്കിലും വ്യാജ പ്രചാരണമുണ്ടായി. ഓൺലൈൻവഴിയുള്ള നടപടിക്രമം പൂർണമായും അവസാനിപ്പിച്ച് യുഡിഎഫ് നേതാക്കളുടെ ശുപാർശക്കത്ത് വഴി കമീഷൻ വ്യവസ്ഥയിൽ ചികിത്സാസഹായം വിതരണംചെയ്യുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ.
വെള്ളക്കടലാസിലുള്ള അപേക്ഷകളാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്.
നൂറുകണക്കിന് ചികിത്സാസഹായ അപേക്ഷകൾ പരിഗണിക്കാതെ കെട്ടിക്കിടക്കുകയാണെന്നും എംഎൽഎമാർ വഴി വരുന്ന അപേക്ഷകളിൽ പണം അനുവദിക്കുന്നില്ലെന്നും വ്യാപകമായ പരാതി ഉയർന്നിട്ടും വാർത്തയാക്കാൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല.











0 comments