ചിക്കൻ വിഭവങ്ങള്‍ കോസ്റ്റ്‍ലി ആകും; പറ പറന്ന് ഇറച്ചിക്കോഴി വില


സ്വന്തം ലേഖകൻ
Published on May 22, 2026, 03:37 PM | 2 min read
തൊടുപുഴ: ഇറച്ചിക്കോഴി വിലയിലും ക്രമാതീതമായ വര്‍ധന. ഇതോടെ ഭക്ഷണ ശീലങ്ങളില്‍നിന്ന് ഇറച്ചിക്കോഴി ഒഴിവാക്കേണ്ട ഗതികേടിലേക്ക് എത്തുകയാണ് ജനം. ദിവസേന പ്രതീക്ഷിക്കാത്ത വിധം വില കൂടുകയാണ്.
ചില്ലറ വിൽപ്പനശാലകളിൽ 200 രൂപവരെ വില ഉയര്‍ന്നിരുന്നു. പക്ഷേ ബുധനാഴ്‍ച ഇത് 184 ആയി. കോഴിവില വർധിച്ചതോടെ വിൽപ്പനയിലും വലിയ ഇടിവുണ്ടായതായി ചില്ലറ വിൽപ്പനക്കാർ പറഞ്ഞു. കഴിഞ്ഞ മാസം 130നും 140നും ഇടയിലായിരുന്നു ശരാശരി വില. ഇവിടെനിന്നാണ് പെട്ടെന്നുള്ള കുതിപ്പ്.
ചൂട് സഹിക്കാനാകാതെ
കഴിഞ്ഞ രണ്ടുമാസത്തെ കേരളത്തിലെ അസഹനീയമായ ചൂടും വെള്ളത്തിന്റെ ദൗർലഭ്യവുമാണ് വിലവർധനവിനുള്ള കാരണങ്ങളില്‍ ഒന്ന്. ചൂട് കൂടുകയും വെള്ളം ലഭിക്കാതെ വരികയും ചെയ്‌തതോടെ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്.
ചൂട് കാരണം ഉല്‍പ്പാദനം വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. ആവശ്യത്തിന് മഴ പെയ്‍ത് ചൂട് കുറഞ്ഞാലേ ഉല്‍പ്പാദനം വര്‍ധിക്കൂ. മുന്‍പ് തമിഴ്‌നാട്ടിലുള്ള കമ്പനികളാണ് ഇറച്ചിക്കോഴി കച്ചവടം നിയന്ത്രിച്ചിരുന്നത്. ഇവിടുത്തെ കർഷകരെ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ ഏൽപ്പിക്കുകയായിരുന്നു. നിശ്‌ചിത ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ ഇവിടെ കൂടുണ്ടാക്കി വളർത്താൻ നല്‍കും. ഒന്നരമാസം വളർച്ചയെത്തുമ്പോൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കും. വളർത്തുകൂലിയായി കിലോഗ്രാമിന് അഞ്ചു രൂപവരെ കർഷകർക്ക് നൽകും. കോഴികൾക്കാവശ്യമായ തീറ്റയും കമ്പനി നൽകും. ഇങ്ങിനെ വളർത്തുമ്പോൾ കുറെ കുഞ്ഞുങ്ങൾ ചത്തുപോകാനിടയുണ്ട്. നിശ്‌ചിത എണ്ണംവരെ ചത്താൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തിക്കാനുള്ള നികുതിയും ഒഴിവായി കിട്ടും. കേരളത്തിലെ കർഷകർക്ക് ഇത് നല്ല വരുമാന മാർഗവുമായിരുന്നു.
വില നിശ്ചയിക്കുന്നത് മൊത്തക്കച്ചവടക്കാര്‍
തമിഴ്‌നാട്ടിലെ കമ്പനികൾ നിന്നുപോയതോടെ നാട്ടുകാർ മൊത്തക്കച്ചവടം ആരംഭിച്ചിട്ടുണ്ട്. ഇറച്ചിക്കോഴിയുടെ വില നിശ്ചയിക്കുന്നത് മൊത്തക്കച്ചവടക്കാരാണ്. അതുകൊണ്ട് വില കൂടിയാലും കുറഞ്ഞാലും ചില്ലറ വിൽപ്പനക്കാർക്ക് വലിയ നേട്ടം ലഭിക്കുന്നില്ല.
ക്രിസ്ത്യൻ സമുദായത്തിന്റെ നോന്പ് കഴിഞ്ഞ് വിവാഹ സീസണായതോടെ വിൽപ്പന വർധിക്കേണ്ട സമയാണെങ്കിലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കുന്നില്ലെന്നാണ് ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം. സ്‌കൂൾ തുറക്കുന്ന സീസണാകുന്നതോടെ കച്ചവടം മന്ദീഭവിക്കും. അതോടെ വിലകുറയും എന്ന പ്രതീക്ഷയാണ് കച്ചവടക്കാർക്കുള്ളത്.
ഹോട്ടലുകളിലും മറ്റും ചിക്കൻ വിഭവങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കാൻ കച്ചവടക്കാര്‍ നിര്‍ബന്ധിതരാകുന്നുണ്ട്. പാചകവാതക വിലവര്‍ധനവിന്റെ പ്രതിസന്ധി ഹോട്ടല്‍ വ്യാപാരികള്‍ അഭിമുഖീകരിക്കുന്നതിനിടെയാണ് മറ്റ് സാധനങ്ങള്‍ക്കും ഇത്തരത്തില്‍ വില കൂടുന്നത്.










0 comments