നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്, രാജ്യവിരുദ്ധ പ്രവർത്തനം തുടങ്ങി ചുമത്തിയത് ഗുരുതര കുറ്റങ്ങൾ
കന്യാസ്‌ത്രീകൾ ജയിലിൽത്തന്നെ ; തടവിലിടാൻ നീക്കം


അഖില ബാലകൃഷ്‌ണൻ
Published on Jul 29, 2025, 03:05 AM | 2 min read
ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ ‘നിർബന്ധിത മതപരിവർത്തന’ കുറ്റം ചുമത്തി അറസ്റ്റുചെയ്‌ത രണ്ട് മലയാളി കന്യാസ്‌ത്രീകളെ വർഷങ്ങളോളം തടവിലിടാൻ നീക്കം. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ മൂന്നുദിവസമായിട്ടും സഭാ അധികൃതരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. കന്യാസ്‌ത്രീകൾ ആഗ്രയിലേക്ക് കടത്താൻ ശ്രമിച്ചെന്ന് ബജ്‌രംഗ്‌ദളും പൊലീസും ആരോപിക്കുന്ന പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും മൊഴിമാറ്റിക്കാനും നീക്കമുണ്ട്.
സിസ്റ്റർ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. നിർബന്ധിത മതപരിവർത്തനം (ഛത്തീസ്‌ഗഡ് മതസ്വാതന്ത്ര്യ നിയമം–- നാലാം വകുപ്പ്), മനുഷ്യക്കടത്ത് (ഭാരതീയ ന്യായ സംഹിത–- 143–-ാം വകുപ്പ്), രാജ്യവിരുദ്ധ പ്രവർത്തനം(ബിഎൻഎസ് 152–-ാം വകുപ്പ്) തുടങ്ങി ഗുരുതര വുകപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
റിമാൻഡിലുള്ള കന്യാസ്‌ത്രീകൾ തിങ്കളാഴ്‌ച ദുർഗ് ജില്ലാകോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, എഫ്‌ഐആറിൽ ഗുരുതര പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജാമ്യാപേക്ഷ നൽകുന്നത് നീട്ടി. ആദ്യ എഫ്‌ഐആറിൽ പൊലീസ് ‘നിർബന്ധിത മതപരിവർത്തനം’ കുറ്റം ചുമത്തിയിരുന്നില്ല. ബജ്‌രംഗ്‌ദളിന്റെ സമ്മർദത്തെഫലമായി പിന്നീട് ഈ വകുപ്പും രാജ്യവിരുദ്ധ പ്രവർത്തനത്തിനുള്ള 152–-ാം വകുപ്പും ഉൾപ്പെടുത്തിയത്. മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബജ്‌രംഗ്‌ദൾ നേതാക്കളായ രത്തൻ യാദവിന്റെയും ജ്യോതി ശർമയുടെയും നേതൃത്വത്തിലായിരുന്നു അതിക്രമം. ബജ്‌രംഗ്‌ദൾ പ്രവർത്തകർ തന്നെയാണ് ‘മതപരിവർത്തനം’ ആരോപിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത്. തിരിച്ചറിയൽ രേഖകളും മാതാപിതാക്കളുടെ അനുമതി പത്രവും കാണിച്ചിട്ടും കേസെടുത്തു. അതിക്രമം നടത്തിയത് ഭരണഘടനയെ മാനിക്കാത്ത ദേശവിരുദ്ധരായ ബജ്‌രംഗ്‌ദൾ പ്രവർത്തകരാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ നേതൃത്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങളുണ്ടായി. എന്നിട്ടും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിന്റെ വിശദീകരണം. ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമിച്ചതിനുള്ള അതീവ ഗുരുതര കേസാണ് കന്യാസ്‌ത്രീകള്‍ക്കെതിരെയുള്ളതെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായി പ്രതികരിച്ചു.
ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനം: സിപിഐ എം
ഛത്തീസ്‌ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്, മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ ജയിലിലടച്ചതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ക്രിസ്‌ത്യൻ പ്രശ്‌നം എന്ന നിലയിൽ മാത്രമല്ല, ഈ വിഷയത്തെ കാണേണ്ടത്. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണിത്.
മതം അനുഷ്‌ഠിക്കാൻ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്. ഗുരുതരകുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്‌ത്രീകളെ ജയിലിലടച്ചത്. കേന്ദ്രസർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും പിന്തുടരുന്ന ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഗൗരവമാകുന്നത്.
കന്യാസ്‌ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് ബജ്‌രംഗ്‌ദൾ പ്രവർത്തകർ വളഞ്ഞ് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പൊലീസും റെയിൽവേ അധികൃതരും അക്രമികൾക്കൊപ്പം നിന്നത് ഞെട്ടലുളവാക്കുന്നു. ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ രാജ്യത്ത് 2014-നുശേഷം കുത്തനെ വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
മണിപ്പൂരിൽ നിയമവാഴ്‌ച തകർത്ത് നടത്തിയ അക്രമങ്ങൾക്ക് കേന്ദ്ര സർക്കാർ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിൻസും സ്റ്റാൻസ്വാമിയും മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങൾ നിർബാധം തുടരുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ അഭ്യർഥിച്ചു.









0 comments