ad
Deshabhimani

'എന്താണ് കൺസെന്റ് എന്ന് ഈ വീഡിയോ പഠിപ്പിക്കും'- ചെറിയാൻ ഫിലിപ്പിന്റെ ആലിം​ഗന വിവാദത്തിൽ‌ രൂക്ഷവിമർശനവുമായി ചിൻമയി

chinmayee
വെബ് ഡെസ്ക്

Published on May 09, 2026, 05:12 PM | 1 min read

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് വിവാദത്തിലായ ചെറിയാൻ ഫിലിപ്പിനെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. ‘കൺസെന്റ്’ എന്താണ് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ വിഡിയോ എന്ന് ചിന്മയി പറഞ്ഞു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്ക് ക്ലാസ് നൽകണമെന്നും ചിന്മയി പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് ബിന്ദു കൃഷ്ണയെ നിർബന്ധിച്ച് ആലിം​ഗനം ചെയ്യാൻ ശ്രമിച്ച് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് വിവാദത്തിലായത്. വലിയ വിമർശനമാണ് സോഷ്യൽ മീഡയിൽ ഇതിനെതിരെ ഉയർന്നിരുന്നത്. തുടർ‌ന്നാണ് ​ഗായിക ചിൻമയിയും തന്റെ അഭിപ്രായം ശക്തമായി തന്നെ പ്രകടിപ്പിച്ചത്. കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണ. ‘ഇവരാണല്ലോ നമുക്ക് വേണ്ടി നയങ്ങൾ രൂപീകരിക്കേണ്ടത് എന്ന് ആശ്ചര്യപ്പെടുന്നു’ എന്നും ഗായിക പരിഹസിച്ചു.


ചിന്മയിയുടെ വാക്കുകൾ: ‘‘കേരളത്തിലെ ഒരു പുരുഷ കോൺഗ്രസ് എംഎൽഎയുടെയും സ്ത്രീ എംഎൽഎയുടെയും വിഡിയോ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. കൺസെന്റ് എന്താണ് എന്നത് ഈ വിഡിയോ നിങ്ങളെ പഠിപ്പിക്കും. തന്നെ ആലിംഗനം ചെയ്യാനെത്തിയ ഇയാളെ (ചെറിയാൻ ഫിലിപ്പ്) ഇവിടെ ഈ സ്ത്രീ (ബിന്ദു കൃഷ്ണ) തള്ളിമാറ്റുന്നുണ്ട്. അവർ വ്യക്തമായ സൂചനയാണ് അവിടെ നൽകിയത്. എന്നിട്ടും അദ്ദേഹം വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു.


അവർ (ബിന്ദു കൃഷ്ണ) ദേഷ്യപ്പെടുന്നതായൊന്നും വിഡിയോയിൽ കാണുന്നില്ലല്ലോ, അവർ ചിരിക്കുകയാണല്ലോ, അവർ അത്രയും വിനയം കാണിക്കേണ്ടിയിരുന്നില്ല, അവർക്ക് ചെരുപ്പ് ഊരി അടിച്ചുകൂടായിരുന്നോ എന്നൊക്കെ സമൂഹമാധ്യമങ്ങളിൽ കമന്റ് ഉയരുന്നുണ്ട്. ഇതൊക്കെയാണ് അതിക്രമത്തിന് ഇരയാകുന്ന ഒരു സ്ത്രീ ചെയ്യേണ്ടത് എന്നാണ് ഈ കമന്റിടുന്നവരൊക്കെ കരുതുന്നത്. യഥാർഥ ജീവിതത്തിൽ അതൊന്നും നടക്കില്ല.


ഇനി, ഞങ്ങൾ സ്ത്രീകൾ അത്രയും രൂക്ഷമായി പ്രതികരിച്ചാൽ ഞങ്ങൾ കൊലചെയ്യപ്പെട്ടേക്കാം, ആസിഡ് ആക്രമണം നേരിടേണ്ടി വന്നേക്കാം, ഞങ്ങളെ കഷണങ്ങളാക്കി ആസിഡ് വീപ്പയിൽ ലയിപ്പിച്ചേക്കാം, കൂട്ടബലാത്സംഗം ചെയ്യപ്പെട്ടേക്കാം അല്ലെങ്കിൽ ജോലിയിൽ നിന്ന് പുറത്താക്കും. പ്രതികരിക്കുന്ന സ്ത്രീകൾ ഇത്തരത്തിൽ ഒരുപാട് ക്രൂരതകൾ നേരിടേണ്ടി വരും- ചിന്‍മയി പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home