print edition ചേരാനെല്ലൂർ വാഹനക്കുരുതി; വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും

കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രികന്റെ ജീവനെടുത്ത അപകടത്തിലെ പ്രതിയായ പതിനേഴുകാരൻ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവദിവസം പുലർച്ചെ ആലുവയിലെ ഫ്ലാറ്റിൽനിന്ന് പ്രതി കാറോടിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു.
പുലർച്ചെ 1.36നാണ് ഇയാൾ കാറുമായി പോയത്. കണ്ടെയ്‌നർ റോഡിലെ ചെരാനല്ലൂർ മാരാത്ത് ബസ് സ്‌റ്റോപ്പിനുസമീപം പുലർച്ചെ 2.20നായിരുന്നു അപകടം. വാഹനം അമിതവേഗത്തിലായിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ നേരത്തേ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു.
മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു
വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു. കാറുടമയും പ്രതിയുടെ പിതാവുമായ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ് സേവ്യറിന് ബുധനാഴ്‌ച കാരണം കാണിക്കൽ നോട്ടീസ് നൽകും.
വാഹനാപകട നഷ്ടപരിഹാര കേസുകൾ പരിഗണിക്കുന്ന ജഡ്‌ജികൂടിയായ ഇദ്ദേഹം പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതുകൊണ്ടാണ് നോട്ടീസ് നൽകിയത്. ഇദ്ദേഹം നൽകുന്ന വിശദീകരണം പരിശോധിച്ചശേഷമാകും തുടർനടപടികൾ. പതിനേഴുകാരന് 25 വയസ്സ് തികയുംവരെ ലൈസൻസ് അനുവദിക്കില്ല.
അപകടമുണ്ടാക്കിയ ബെൻസ് കാർ എറണാകുളം ആർടിഒ ടി പി യൂസഫിന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ബിനീഷ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിലെ കണ്ടെത്തൽ. വാഹനത്തിന് സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ല.









0 comments