ചേരാനല്ലൂർ വാഹനക്കുരുതി: ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് 17കാരൻ, മൊഴിയെടുത്തു

കൊച്ചി: ചേരാനല്ലൂരിൽ അലക്ഷ്യമായി പാഞ്ഞ ബെൻസ് കാറിടിച്ച്, തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയായ17 വയസ്സുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്ത് അന്വേഷണസംഘം. ഇവർ താമസിക്കുന്ന ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്.
ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് 17കാരൻ വെളിപ്പെടുത്തി. അപകടത്തെ തുടർന്ന് 17കാരൻ്റെ ലൈസൻസ് 25 വയസ്സുവരെ വിലക്കും. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് എംവിഡി നടപടി സ്വീകരിക്കുക. കേസിൽ17കാരൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീൽ നൽകി.എറണാകുളം സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. അപ്പീൽ ഇന്നു തന്നെ കോടതി പരിഗണിച്ചേക്കും.
അതേസമയം അപകടസമയത്ത് ബെൻസ് കാറിൽ നാലുപേരുണ്ടായിരുന്നുവെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബം മാധ്യമങ്ങളെ അറിയിച്ചിരുന്നു. മൂന്നുപേർ സംഭവശേഷം ഓടിപ്പോയതായി ദൃക്‌സാക്ഷി പറഞ്ഞിട്ടുണ്ട്. അപകടം വരുത്തിയ കാറിൽ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്‌ജിയുണ്ടായിരുന്നോ എന്ന് സംശയമുണ്ട്.
അദ്ദേഹത്തിന്റെ ഒൗദ്യോഗിക ബോർഡ് കാറിലുണ്ടായിരുന്നു. അത് ഒടിച്ചെടുത്ത നിലയിലായിരുന്നു. കേസ് അട്ടിമറിക്കാൻ, വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത മകനാണെന്ന് വരുത്തിത്തീർത്തതാണോ എന്നും സംശയമുണ്ട്. കാരണം കേസിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൾ അവർക്ക് നന്നായറിയാം. കണ്ടെയ്‌നർ റോഡ് മുതൽ അപകടം നടന്ന സ്ഥലംവരെയുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കണം. കൂടുതൽ തെളിവുകളുമായി എത്തുമെന്നും കുടുംബം പറഞ്ഞു.
അപകടസമയത്ത് കാറിന്റെ വേഗം 104 കിലോമീറ്ററിന് മുകളിലാണ് എന്നാണ് വിവരം. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് വാഹനം ഓടിച്ചതെന്ന പതിനേഴുകാരന്റെ മൊഴി കള്ളമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും ലഭിച്ചു. നേരത്തേ 208 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ഇയാൾ പങ്കുവച്ചിട്ടുണ്ടെന്നും ജയബാലകൃഷ്‌ണന്റെ കുടുംബം പറഞ്ഞു.









0 comments