ബാങ്ക് ഇടപാടുകാരെ കുഴക്കി ചെക് ക്ലിയറിങ് പരിഷ്കാരം

തിരുവനന്തപുരം: ഇടപാടുകാരെയും ജീവനക്കാരെയും ഒരുപോലെ കുഴക്കി ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ നടപ്പിലാക്കിയ ചെക് ക്ലീറിങ് പരിഷ്കാരം. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ആരംഭിച്ച കൺടിന്യൂസ് ക്ലിയറിങ് സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കാതെവന്നതോടെ ചെക്ക് കൈമാറ്റവും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം കൈമാറലും കൃത്യസമയത്ത് നടക്കുന്നില്ല. ഇതോടെ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ചെക്കുകൾ സമയത്ത് പാസാകാത്തതിനെത്തുടർന്ന് വ്യാപാര ഇടപാടുകൾ മന്ദഗതിയിലാകുകയും ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
1770-കളിൽ ബാങ്കിങ് പ്രവർത്തനങ്ങൾ ആരംഭിച്ച ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ കാലഘട്ടം മുതൽ ചെക്കുകൾ ഉപയോഗിക്കുന്നുണ്ട്. 1980കളിൽ ചെക്ക് ക്ലിയറിങ് പൂർണമായും ജീവനക്കാരാണ് ചെയ്തിരുന്നത്. ബാങ്കുകൾ ക്ലയറിങ് ഹൗസിലൂടെ നേരിട്ട് പരസ്പരം കൈമാറി പാസ്സാക്കി എടുക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, 1986-ൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആധുനിക മാഗ്നറ്റിക് ഇങ്ക് ക്യാരക്ടർ റെക്കഗനിഷൻ സംവിധാനം അവതരിപ്പിച്ചു. ഇത് ചെക്കുകളുടെ സ്കാനിങ് വഴി ഡാറ്റ പ്രോസസ് ചെയ്യാൻ സഹായിച്ചു, ക്ലിയറിങ് പ്രക്രിയ വേഗത്തിലാക്കി.
2000ത്തിൽ ആർബിഐ ചെക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) നടപ്പിലാക്കി. ചെക്കുകൾ ലഭിക്കുന്ന ബാങ്കുകളിൽ സ്കാൻ ചെയ്യുകയും, ചെക്കിന്റെ ഇമേജ് കൈമാറുകയും ചെയ്യുന്ന രീതിയാണ് സിടിഎസ്. 2008-ൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻസിപിഐ) സ്ഥാപിതമായി. ഇന്ത്യയിലെ മുഴുവൻ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളും ഏകോപിപ്പിച്ച് സുരക്ഷിതവും കാര്യക്ഷമവുമായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഐഎംപിഎസ്, യുപിഐ, റുപേ, നാച്ച്, ഏപ്സ് തുടങ്ങിയ സേവനങ്ങൾ എൻസിപിഐ ഇന്ത്യയിൽ നടപ്പിലാക്കി. ഇതിന്റെ തുടർച്ചയായാണ് ഒക്ടോബർ 4 മുതൽ നടപ്പിലാക്കിയ ചെക് ക്ലീറിങ് പരിഷ്കാരം. ദിനവും ചെക്കുകൾ തുടർച്ചയായി ക്ലിയർ ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒരുവർഷത്തോളം തുടർച്ചയായ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് സിടിഎസ് സംവിധാനം നടപ്പിലാക്കിയത്.
എന്നാൽ, വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ എൻസിപിഐക്ക് കഴിഞ്ഞിട്ടില്ല. ചെക്കുകൾ “in transit” നിലയിൽ കുടുങ്ങി കിടക്കുന്നത്, ക്ലിയറിങ് സമയം അതിക്രമിക്കുന്നത്, ഡാറ്റ പ്രോസസിംഗ് വൈകൽ തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തുടർച്ചയായ ക്ലിയറിങ്ങിനായി ആവശ്യമായ സെർവർ ശേഷിയും പ്രോസസിംഗ് ബാൻഡ്‌വിഡ്ത്തും എൻസിപിഐയിൽ പര്യാപ്തമല്ല. മിക്ക ബാങ്കുകളിലും ജീവനക്കാർ രാത്രി വൈകിയും ചെക്കുകൾ എത്തുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഇരിക്കേണ്ട അവസ്ഥയുള്ളതായും ജീവനക്കാർ പറയുന്നു.
എൻപിസിഐ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പരിഹാരം കണ്ടെത്തണമെന്നും ബാങ്കിങ് സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും ആവശ്യപ്പെട്ടു. ചെക്ക് ക്ലിയറിങ് സംവിധാനം വിശ്വാസ്യതയോടെ പുനഃസ്ഥാപിക്കപ്പെടാതെ പോകുന്നത് ബാങ്കിങ് ഇടപാടുകളുടെ ഗുണനിലവാരത്തെയും പൊതുജന വിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.










0 comments