മാറിയത് വേണുഗോപാൽ നൽകിയ ഉറപ്പിൽ

തിരുവനന്തപുരം: നിയമസഭയിൽ മത്സരിക്കാൻ സീറ്റും ഭരണം കിട്ടിയാൽ മന്ത്രിസ്ഥാനവും നൽകാമെന്ന കെ സി വേണുഗോപാലിന്റെ ഉറപ്പിന്റെ പുറത്താണ് കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതെന്ന് കെ സുധാകരന്റെ വെളിപ്പെടുത്തൽ. വർക്കിങ് കമ്മിറ്റിയംഗമാക്കാമെന്നും താൻ പറയുന്നയാളെത്തന്നെ കെപിസിസി പ്രസിഡന്റ് ആക്കാമെന്നും ഉറപ്പ് നൽകി.
മൂന്ന് വാഗ്ദാനങ്ങൾ കിട്ടിയതോടെയാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇതിൽ എന്തെങ്കിലും ലംഘിക്കപ്പെട്ടാൽ നേതൃത്വത്തിനെതിരെ തിരിയുമെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്. കെപിസിസി പ്രസിഡന്റായി ആന്റോ ആന്റണിയെ പ്രഖ്യാപിക്കാൻ പോകുന്നുവെന്ന വാർത്ത വന്നപ്പോൾ സുധാകരൻ പരസ്യ പ്രതികരണത്തിലൂടെ ഹൈക്കമാൻഡിനെ വെല്ലുവിളിച്ചിരുന്നു. രാഹുൽ ഗാന്ധിയോടും മല്ലികാർജുൻ ഖർഗെയോടും സംസാരിക്കാൻ പോയത് അധ്യക്ഷ പദവിയിൽനിന്ന് മാറേണ്ടിവരുമെന്ന ധാരണയായതോടെയാണെന്ന് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കണമെന്നായിരുന്നു ആഗ്രഹം. അത് പറയാൻകൂടിയാണ് ഡൽഹിയിൽ ചെന്നത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് ഇരുവരും ആവശ്യപ്പെട്ടില്ല. മാറേണ്ടി വരില്ലെന്നാണ് കരുതിയത്. താൻ പിന്തുണച്ചതിനാലാണ് സണ്ണി ജോസഫ് കെപിസിസി തലപ്പത്ത് എത്തിയത്. ഇനി കണ്ണൂർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും സുധാകരൻ പറഞ്ഞു.









0 comments