print edition പൊലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റം: അഡ്ഹോക് കമ്മിറ്റിയുടെ ഹർജി തള്ളി

കൊച്ചി: കേരള പൊലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റാനും പുനഃസംഘടിപ്പിക്കാനും ശ്രമിച്ച സർക്കാരിന് ഹെെക്കോടതിയിൽനിന്ന് വീണ്ടും തിരിച്ചടി. പുനഃസംഘടനാ ഉത്തരവ് ചോദ്യംചെയ്ത് കെപിഎയും കെപിഒഎയും നൽകിയ ഹർജിയിൽ, തൽസ്ഥിതി തുടരാൻ നിർദേശിച്ച് അനുവദിച്ച സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയിലെ അംഗം ജി ആർ അജിത് നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, എ കെ പ്രീത എന്നിവരുടെ ബെഞ്ച് ഫയലിൽ സ്വീകരിക്കുംമുന്പേ തള്ളിയത്. നിലവിൽ ഹർജി പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിൽ വിഷയം ഉന്നയിക്കാനും കോടതി നിർദേശിച്ചു.
എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഒരു അസോസിയേഷനെ ഇല്ലാതാക്കാൻ സർക്കാരിന് അധികാരമില്ലെന്നും വിവിധ റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ പ്രശ്നങ്ങളും താൽപ്പര്യങ്ങളും വ്യത്യസ്തമാണെന്നും ഇവരെ ഒന്നിച്ചുചേർക്കുന്നത് അസോസിയേഷന്റെ പ്രാതിനിധ്യസ്വഭാവം ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനുകൾ ഹർജി നൽകിയത്. അതിലാണ് കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതും അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം വിലക്കിയതും.










0 comments