ചാമ്പ്യൻസ് ബോട്ട് ലീഗ് 19 മുതൽ; ആലപ്പുഴ കൈനകരിയിൽ ഉദ്ഘാടനം

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിന് സെപ്തംബർ 19ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ തുടക്കമാകും. 14 മത്സരങ്ങൾ ഉള്ള സിബിഎല്ൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും.
കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈൻ ഡ്രൈവ്, തൃശ്ശൂർ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങൾക്കൊപ്പം ഇക്കുറി വടക്കൻ കേരളത്തിൽ കാസർകോട് ചെറുവത്തൂർ, കണ്ണൂർ ധർമ്മടം, കോഴിക്കോട് ബേപ്പൂർ, എന്നിവിടങ്ങളിലും സിബിഎൽ മത്സരങ്ങൾ നടത്തുന്നുണ്ട്. കാസർകോട് ആദ്യമായാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്.
കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങളാണ് വിജയികളായത്. വള്ളംകളിയുടെ പ്രശസ്തിയെ ചാമ്പ്യൻസ് ബോട്ട് ലീഗ് രാജ്യാന്തര തലത്തിലേക്കുയർത്തിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യ സീസണിൽ നിന്ന് നാലാം സീസണിലേക്കെത്തിയപ്പോൾ ആരാധകവൃന്ദം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് സിബിഎൽ വേദികളിലേക്കെത്തുന്നുണ്ട്. ഇത് വർധിപ്പിക്കുകയാണ് ടൂറിസം വകുപ്പിൻറെ ലക്ഷ്യമന്നും മന്ത്രി പറഞ്ഞു.
സിബിഎല്ലിൻറെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല സംഘാടക സമിതി യോഗം തിങ്കളാഴ്ച ടൂറിസം സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടക്കും. സിബിഎല്ലിൻറെ സക്രിയമായ നടത്തിപ്പിന് സിബിഎൽ ലിമിറ്റഡ് രൂപീകരിച്ചിരുന്നു. ഇതിൻറെ മാർക്കറ്റിംഗ്, സ്പോൺസർഷിപ്പ് എന്നിവയ്ക്കായി ഗിൽട്രിക്സ് ഏജൻസി എന്ന അഡ്വൈസറെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. സ്പോൺസർഷിപ്പ് വിവരങ്ങൾക്കായി 96337 57515 എന്ന നമ്പറിൽ ബന്ധപ്പെടുക.









0 comments