പ്രിയദർശിനി വന്നതോടെ വരുമാനമില്ല; സർവീസ് അവസാനിപ്പിച്ച് ചീനിക്കാസ്

ജീവനക്കാർ ബസിന് റീത്ത് വെച്ചാണ് അവസാന യാത്ര അവസാനിപ്പിച്ചത് | Photo credit : Facebook / Cheenikkas
തൃശൂർ : ചാലക്കുടി - മലക്കപ്പാറ റൂട്ടിൽ ദീർഘകാലമായി യാത്രക്കാരുടെ ആശ്രയമായിരുന്ന ചീനിക്കാസ് ബസ് സർവീസ് അവസാനിപ്പിച്ചു. കഴിഞ്ഞ 65 വർഷമായി സർവീസ് നടത്തിയിരുന്ന ഈ സ്വകാര്യ ബസ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി വന്നതോടെയുണ്ടായ കനത്ത വരുമാന നഷ്ടത്തെ തുടർന്നാണ് സർവീസ് നിർത്തലാക്കിയത്. ജീവനക്കാർ ബസിന് റീത്ത് വെച്ചാണ് അവസാന യാത്ര അവസാനിപ്പിച്ചത്.
നേരത്തെ പ്രതിദിനം പതിനായിരം രൂപയോളം കളക്ഷൻ ലഭിച്ചിരുന്ന സ്ഥാനത്ത് പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ വരുമാനത്തിൽ 4000 മുതൽ 4500 രൂപവരെയാണ് നഷ്ടമെന്ന് ബസ് അധികൃതർ വ്യക്തമാക്കുന്നു. പ്രിയദർശിനി ബസുകൾക്ക് തൊട്ടുപിന്നാലെ അഞ്ച് മിനിറ്റ് ഇടവേളകളിൽ മറ്റ് ട്രാൻസ്പോർട്ട് ബസുകൾക്കും റൂട്ടിൽ പെർമിറ്റ് നൽകിയതാണ് കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് തൊഴിലാളികൾ പറയുന്നു. ആകെ മൂന്ന് സർവീസുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം നേരത്തെ തന്നെ നിർത്തിയിരുന്നു. അവശേഷിച്ച സർവീസുകളാണ് ഇപ്പോൾ പൂർണമായും അവസാനിപ്പിച്ചത്.
ഈ സർവീസ് കൂടി നിലച്ചതോടെ ഇനി മലക്കപ്പാറ റൂട്ടിൽ കെഎസ്ആർടിസിയുടെ നാല് ബസുകൾ മാത്രമാണ് സർവീസിനായി അവശേഷിക്കുന്നത്. ബസിന്റെ മുൻവശത്തായി റീത്ത് വയ്ക്കുന്ന ദൃശ്യങ്ങൾ ജീവനക്കാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.











0 comments