‘രാഹുൽ മാങ്കൂട്ടത്തിലിനായി പ്രവർത്തിക്കുന്ന പൊലീസ്’; അടൂർ പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ എം മാർച്ച്

അടൂർ: രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ പ്രവർത്തകർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ച് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ എം മാർച്ച്. ‘ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ നെറികേടുകൾക്ക് കുടപിടിക്കുന്ന അടൂരിലെ അഴുക്കുപിടിച്ച പൊലീസിനെ നിലയ്ക്കുനിർത്തുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടൂരിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ പൊലീസിന്റെ സമീപനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
കെഎസ്യു–എസ്എഫ്ഐ പ്രവർത്തകർ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ നിരന്തരം ഇടപെടുന്നതെന്തിനെന്ന ചോദ്യം ശക്തമാണ്. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട രാഹുലിന് പാർടി പ്രവർത്തകർ തമ്മിലുള്ള വിഷയങ്ങളിൽ എന്താണ് കാര്യമെന്ന ചോദ്യവും ഉയരുന്നു. രാഹുൽ പാർടി പ്രവർത്തകനല്ലെന്ന് കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അടൂരിലെ കാര്യങ്ങളിൽ രാഹുൽ ഇടപെടുന്നത് തുടരുകയാണ്.
അടൂരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം ഇടതുപക്ഷ പ്രവർത്തകരെ ആക്രമിക്കുമ്പോഴും അക്രമികൾക്ക് സംരക്ഷണമൊരുക്കുന്ന സമീപനമാണ് അടൂർ പൊലീസ് സ്വീകരിക്കുന്നതെന്നാണ് സിപിഐ എം വിമർശനം.
എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങൾ തടയുന്നതിലും പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിലും പൊലീസ് സ്വീകരിക്കുന്ന സമീപനത്തിനെതിരെയാണ് സിപിഐ എം പ്രതിഷേധം ശക്തമാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനും സംഘത്തിനും പൊലീസ് നൽകുന്ന സംരക്ഷണം അവസാനിപ്പിക്കണമെന്നും ഇടതുപക്ഷ പ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സിപിഐ എമ്മിന്റെ ആവശ്യം.








0 comments