Deshabhimani

ഇനി അൺനോൺ നമ്പറുകളിൽ നിന്നുള്ള കോളിലും പേര് തെളിയും; നവംബർ 1 മുതൽ പുതിയ സംവിധാനം

CNAP
വെബ് ഡെസ്ക്

Published on Oct 15, 2026, 12:00 PM | 1 min read

ന്യൂഡൽഹി : മൊബൈലിലേക്ക് അജ്ഞാത നമ്പറുകളിൽ (Unknown Numbers) നിന്നുള്ള കോളുകൾ വരുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അറിയാത്ത നമ്പർ കാണുമ്പോൾ കോളെടുക്കാൻ പലർക്കും മടിയുണ്ടാകും. എന്നാൽ ഇത്തരം അൺനോൺ കോളുകൾ ആരുടേതാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നവംബർ 1 മുതൽ പുതിയ സംവിധാനം നിലവിൽ വരും.


കോൾ ചെയ്യുന്നയാളുടെ പേര് കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ (CNAP) സംവിധാനം രാജ്യത്തെ 4ജി, 5ജി നെറ്റ്‌വർക്കുകളിൽ നടപ്പാക്കാനാണ് ടെലികോം വകുപ്പിന്റെ തീരുമാനം. ഈ സംവിധാനം നിലവിൽ വരുന്നതോടെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ ടെലികോം രേഖകളിലുള്ള പേര് സ്ക്രീനിൽ തെളിയും.


അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ തിരിച്ചറിയാൻ പലരും ട്രൂകോളർ പോലുള്ള ആപ്പുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. എന്നാൽ പുതിയ സിഎൻഎപി സംവിധാനം ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള വരിക്കാരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ വിളിക്കുന്നയാളുടെ പേര് തിരിച്ചറിയാൻ ഇന്റർനെറ്റ് കണക്ഷന്റെ ആവശ്യമില്ല.


ബാങ്കുകളിൽ നിന്നടക്കമുള്ള യഥാർഥ കോളുകൾ തിരിച്ചറിയാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് ടെലികോം വകുപ്പിന്റെ പ്രതീക്ഷ. അജ്ഞാത നമ്പറുകളിൽ നിന്നുള്ള തട്ടിപ്പ് കോളുകളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടയിലാണ് വിളിക്കുന്നയാളെ തിരിച്ചറിയാനും, ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി പുതിയ സംവിധാനങ്ങൾ വരുന്നത്.


ഐഡന്റിറ്റി മറയ്ക്കുന്നതിനുള്ള സിഎൽഐആർ സൗകര്യം ഉപയോഗിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കരുതെന്ന് ടെലികോം വകുപ്പിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നിനരുന്നാലും, ടെലികോം സേവനദാതാക്കളിൽ നിന്ന് ഉപയോക്താവിന്റെ പേര് വിവരങ്ങൾ സ്വീകരിക്കുന്നതിനാൽ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ഇതോടൊപ്പം ഉയരുന്നുണ്ട്. അതേസമയം, പേര് കാണിക്കുന്നതുകൊണ്ടുമാത്രം എല്ലാ സ്പാം കോളുകളും തട്ടിപ്പുകളും തടയാനാകില്ല. തട്ടിപ്പുകാർ മറ്റ് മാർഗങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാൽ ഉപയോക്താക്കൾ ജാഗ്രത തുടരേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home