Deshabhimani

അങ്കിത ഭണ്ഡാരി വധക്കേസ്‌: ബിജെപി നേതാവിന്റെ ​ഗവർണർ നിയമനത്തിനെതിരെ പ്രതിഷേധിച്ച മാതാപിതാക്കളെ മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു

ankita bhandari parents
വെബ് ഡെസ്ക്

Published on Oct 15, 2026, 12:26 PM | 1 min read

ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ ഗവർണർ നിയമനത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെ വിട്ടയച്ചു. ഇന്ത്യാഗേറ്റിന് സമീപം രാത്രി മുഴുവൻ സമരം ചെയ്ത മാതാപിതാക്കളെ വ്യാഴാഴ്ച പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട കസ്റ്റഡിക്കുശേഷം മോചിപ്പിച്ചെങ്കിലും, മകൾക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിലാണ് കുടുംബം.


കൊലപാതകവുമായി ബന്ധപ്പെട്ട വിഐപി ബന്ധത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് പ്രതിപ്പട്ടികയിൽ നിഴലിലുള്ള ബിജെപി നേതാവിനെ ഭരണഘടനാ പദവിയിൽ നിയമിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അന്വേഷണം പൂർത്തിയാകും വരെ ദുഷ്യന്ത് ഗൗതമിന്റെ സിക്കിം ഗവർണർ നിയമനം റദ്ദാക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.


നിയമനം പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് കുടുംബം 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിടുമെന്ന് അങ്കിതയുടെ പിതാവ് മുന്നറിയിപ്പ് നൽകി. മകൾക്ക് നീതി തേടി ഡൽഹിയിലെത്തി സമരം ചെയ്ത മാതാപിതാക്കളെ ഭരണകൂടത്തിന്റെ കരുത്ത് കാട്ടി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെയും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.


2022 സെപ്‌തംബർ 18നാണ് ഉത്തരാഖണ്ഡിലെ ഋഷികേശിന് സമീപമുള്ള വനന്ത്ര റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. നാലുദിവസത്തിനുശേഷം ചില്ല കനാലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. റിസോർട്ടിലെത്തുന്ന വിഐപികൾക്ക് വഴങ്ങാൻ നിർബന്ധിച്ചതിനെ അങ്കിത എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്.


റിസോർട്ട് ഉടമയും മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനുമായ പുൽകിത് ആര്യ ഉൾപ്പെടെ മൂന്നുപേരെ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, കൊലപാതകത്തിന് പിന്നിൽ ഉന്നതനായ ഒരു വിഐപിക്ക് പങ്കുണ്ടെന്ന ആരോപണം തുടക്കംമുതൽ ഉയർന്നിരുന്നു. ഈ വിഐപി ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളിലാണ് പിന്നീട് ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരും ഉയർന്നത്. ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതാണ് കേസ് വീണ്ടും ദേശീയതലത്തിൽ പ്രതിഷേധവിഷയമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home