അജ്ഞാത നമ്പറുകൾ വേണ്ട; നവംബര് ഒന്നുമുതൽ കോളര് ഐഡി നിര്ബന്ധം

ന്യുഡൽഹി: അജ്ഞാത നമ്പറുകളിൽ നിന്നുള്ള കാളുകൾ ഇനി വേണ്ടെന്ന് ടെലികോം സേവന ദാതാക്കൾക്ക് മുന്നറിയിപ്പ്. നവംബര് ഒന്നുമുതൽ ഫോൺ കാളുകളിൽ വിളിക്കുന്നയാളുകളുടെ പേര് നിര്ബന്ധമായും കാണിച്ചിരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഉത്തരവ് പ്രകാരം നവംബര് ഒന്നു മുതൽ രാജ്യത്ത് കാളിങ് നെയിം പ്രസന്റേഷൻ (CNAP - Calling Name Presentation) നിലവിൽ വരും. രാജ്യത്തെ ഔദ്യോഗിക വെരിഫൈഡ് കോളര് ഐഡന്റിഫിക്കേഷൻ സംവിധാനമാണിത്.
4G, 5G നെറ്റ് വര്ക്കുകളിൽ ഇത് ഡിഫോൾട് ആയി നൽകും. 2G, 3G സംവിധാനങ്ങളിൽ ഇതര സംവിധാനങ്ങൾ ഏര്പ്പെടുത്തും എന്നാണ് വിശദീകരണം.
എങ്ങനെയാവും പ്രവര്ത്തനം
കോൾ വരുമ്പോൾ ഫോൺ സ്ക്രീനിൽ ആദ്യം വിളിക്കുന്നയാളുടെ നമ്പറും, രണ്ടാമതായി പേരും കാണിക്കും. നമ്പർ ഫോണിൽ സേവ് ചെയ്തിട്ടില്ലെങ്കിൽ, ആഭ്യന്തര കോളുകൾക്കായി ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പേര് സ്ക്രീനിൽ തെളിയും. രാജ്യത്തിന് പുറത്തു നിന്നാണെങ്കിൽ "International Call" എന്നു മാത്രമാവും. ബിസിനസ്സ്, ബൾക്ക് കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് ട്രേഡ്മാർക്ക് അല്ലെങ്കിൽ ജിഎസ്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്ത വ്യാപാര നാമം എന്നിങ്ങനെ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ പേര് പ്രദര്ശിപ്പിക്കാം.
കോൾ അവസാനിച്ചു കഴിഞ്ഞാൽ ക്വറി-റെസ്പോൺസ് മെക്കാനിസം വഴി കോളറുടെ പേര് സേവ് ചെയ്ത് വെക്കാൻ സാധിക്കില്ല. 'കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ' (CLIR) സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ള ഉപയോക്താക്കളുടെ പേര് വിവരങ്ങൾ പ്രദർശിപ്പിക്കില്ല എന്നും പറയുന്നുണ്ട്.
സ്പാം കോളുകളും തട്ടിപ്പുകളും തടയാൻ വേണ്ടിയാണ് നീക്കം. എൻഡിഎ സര്ക്കാരിന്റെ പ്രചാരണം ഉൾപ്പെടെ വിവിധ പദ്ധതികളെ കുറിച്ചും മറ്റും പ്രധാനമന്ത്രിയുടെ പേരിൽ വരെ ഇത്തരത്തിൽ സ്പാം കാളുകൾ വരുന്നുണ്ട്. ഇവയിൽ എങ്ങിനെയാവും ഇനിമുതൽ പേരുവിവരങ്ങൾ പ്രദർശിപ്പിക്കുക എന്ന് വ്യക്തമല്ല. 'കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ' (CLIR) എന്ന സൗകര്യം അനുവദിച്ച് ഇത്തരം പരസ്യ സ്പാം കാളുകൾ നിയന്ത്രണത്തിന് പുറത്താക്കിയേക്കും എന്നാണ് സൂചന.








0 comments