Deshabhimani

മന്ത്രി പച്ചക്കള്ളം പറയുന്നു; 102 ദിവസമായി സമരം തുടരുന്നത് സർക്കാരിന്റെ പരാജയം: ഉദ്യോ​ഗാർഥികൾ

LPST PSC rank Holders Protest Valarmathi

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നിയമസഭ വളഞ്ഞ്‌ മനുഷ്യച്ചങ്ങല തീർത്തപ്പോൾ ​(ഇടത്), എസ്‌ വളർമതി (വലത്)

വെബ് ഡെസ്ക്

Published on Oct 15, 2026, 01:32 PM | 1 min read

തിരുവനന്തപുരം: പറഞ്ഞ വാക്ക് പാലിക്കാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് എൽപിഎസ്‌ടി ഉദ്യോഗാർഥികൾ. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ മുൻപ് നൽകിയ ഉറപ്പിൽനിന്ന് പിന്മാറി. റാങ്ക് ലിസ്റ്റിൽ ഒരു തീരുമാനവുമായിട്ടില്ലെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നതെന്നും ഉദ്യോ​ഗാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. സമരം 100 ദിവസം പിന്നിട്ടതോടെ വിദ്യാഭ്യാസ‌മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദ്യോ​ഗാർഥികൾ.


"ചർച്ച നടക്കുമ്പോൾ മന്ത്രി വേ​ഗത്തിൽ എഴുന്നേറ്റ് പോകാൻ ശ്രമിക്കുകയാണ്. മുൻപ് ഒരു തീരുമാനവുമില്ലാതെയല്ലേ പോയതെന്നാണ് ഇപ്പോൾ മന്ത്രി ചോദിക്കുന്നത്. എങ്ങനെയാണ് മന്ത്രിക്ക് ഇങ്ങനെ പച്ചക്കള്ളം പറയാനാകുന്നത്. ഞങ്ങളുടെ ജോലി ഉറപ്പാക്കും എന്ന് നേരത്തെ വാക്ക് തന്നത് മന്ത്രിയാണ്. 102 ദിവസമായി സമരം തുടരേണ്ടി വരുന്നത് സർക്കാരിന്റെ പരാജയമാണ്."- സമരസമിതി കൺവീനർ എസ്‌ വളർമതി പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെയും ഉദ്യോ​ഗാർഥികൾ കാണും.


റാങ്ക്‌ ലിസ്‌റ്റിൽ ഇടംപിടിച്ചവർക്ക്‌ ജോലി നൽകാതെ കോഴ നിയമനം നടത്തുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനാണ് സെക്രട്ടറിയറ്റിനുമുന്നിൽ അനിശ്ചിതകാല രാപകൽ സമരം നടത്തിവരുന്നത്. സമരം നൂറുദിവസം പിന്നിട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം ഉദ്യോ​ഗാർഥികൾ നിയമസഭ വളഞ്ഞ് മനുഷ്യച്ചങ്ങല തീർത്തിരുന്നു.


നാല്‌ ജില്ലയിൽ റാങ്ക് ലിസ്റ്റിലെ ഒന്നാംറാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. അർഹമായ നിയമനം ഉറപ്പാക്കാൻ ഒഴിവ്‌ കണ്ടെത്തി നികത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാരവും പിന്നിട്ട വേളയിൽ സർക്കാർ ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക്‌ വിളിച്ചിരുന്നു. ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പഠനവിധേയമാക്കാൻ സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. പിന്നീട്‌ 51 ദിവസങ്ങൾക്കുശേഷം വീണ്ടും ചർച്ച നടന്നെങ്കിലും അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം തള്ളി.


സർക്കാരിന്റെ വഞ്ചനാനിലപാടിനെതിരെ ശവശയ്യ ഒരുക്കിയും പുല്ലുതിന്നും പാട്ടപെറുക്കിയുമെല്ലാം പ്രതിഷേധങ്ങൾ തുടരുകയാണ്‌. കോഴ നിയമനം അവസാനിപ്പിക്കുക, എയ്‌ഡഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിടുക, റാങ്ക്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക്‌ നിയമനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ്‌ സമരം. നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് ഉദ്യോ​ഗാർഥികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home