ബാങ്കിങ് മേഖലയും വിദേശ കുത്തകകൾക്ക്; ഐഡിബിഐയുടെ 60% ഓഹരികൾ കനേഡിയൻ കമ്പനിക്ക്

മുംബൈ : ഇന്ത്യയിലെ പ്രമുഖ ധനകാര്യ ബാങ്ക് ആയ ഐഡിബിഐ ബാങ്കിന്റെ പകുതിയിലധികം ഓഹരികൾ കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് (Fairfax Financial Holdings) എന്ന കമ്പനിക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഏകദേശം 52,878 കോടി രൂപയ്ക്ക്, ബാങ്കിന്റെ 60.72 ശതമാനം ഓഹരികളാണ് ഒരു വിദേശ കമ്പനിക്ക് വിൽക്കുന്നത്. ഈ ഓഹരി കൈമാറ്റത്തിന് പിന്നാലെ കേരളത്തിലെ ഏറ്റവും പഴക്കമേറിയ സ്വകാര്യ ബാങ്കുകളിലൊന്നായ കാത്തലിക് സിറിയൻ ബാങ്ക് (CSB Bank) ഐഡിബിഐ ബാങ്കുമായി ലയിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ളതാണ് ഫെയർഫാക്സ് ഗ്രൂപ്പ്.
പകുതിയിലധികം ഓഹരികളും സ്വന്തമാക്കുന്നതോടെ ഐഡിബിഐ ബാങ്ക് പൂർണമായും ഫെയർഫാക്സ് ഗ്രൂപ്പിന്റ നിയന്ത്രണത്തിലായിരിക്കും. കാത്തലിക് സിറിയൻ ബാങ്കിന്റെ പ്രൊമോട്ടർമാരും ഫെയർഫാക്സ് ഗ്രൂപ്പാണ്. അതായത്, സിഎസ്ബിയുടെ 40 ശതമാനത്തോളം ഓഹരിയും പ്രൊമോട്ടർ കമ്പനിയായ ഫെയർഫാക്സിന്റെ കൈവശമാണ്. ഐഡിബിഐ ബാങ്കും സിഎസ്ബി ബാങ്കും ലയിച്ചു കഴിയുന്നതോടെ ഇരു ബാങ്കുകളും ഒരേ വിദേശ കമ്പനിയുടെ കുടക്കീഴിലാകും.
1920 നവംബർ 26ന് കേരളത്തിലെ തൃശൂരിലാണ് ദി കാത്തലിക് സിറിയൻ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. 1969ൽ സിഎസ്ബി ഒരു ഷെഡ്യൂൾഡ് ബാങ്കായി മാറി. 1972ൽ മുംബൈയിൽ ആദ്യ ശാഖ തുറന്ന് പ്രവർത്തനം വിപുലീകരിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിന്റെ ധനകാര്യ സേവന പാരമ്പര്യമുള്ള സിഎസ്ബി നിലവിൽ റീട്ടെയിൽ ബാങ്കിംഗ്, എസ്എംഇ (SME) ബാങ്കിംഗ്, കോർപ്പറേറ്റ് ബാങ്കിംഗ്, ട്രഷറി തുടങ്ങിയ സേവനങ്ങൾ ഉപഭോക്താക്കൾക്കായി ഉറപ്പുവരുത്തുന്നുണ്ട്. 2019ൽ ബാങ്കിന്റെ പേര് സിഎസ്ബി ബാങ്ക് ലിമിറ്റഡ് (CSB Bank Limited) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു. 2018ലാണ് സിഎസ്ബിയുടെ 51 ശതമാനം ഓഹരിയും ഫെയർഫാക്സ് സ്വന്തമാക്കിയത്. പിന്നീടാണ് 40 ശതമാനമായി കുറച്ചത്.
ഇന്ത്യൻ വ്യാവസായിക മേഖലയെ കൈപിടിച്ചുയർത്തുന്നതിന് വായ്പയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഡിബിഐ പ്രവർത്തനമാരംഭിച്ചത്. 1964 ജൂലൈയിൽ റിസർവ് ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായാണ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) സ്ഥാപിതമായത്. 1976ൽ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു. എൻഎസ്ഇ (NSE), എൻഎസ്ഡിഎൽ (NSDL), സെബി (SEBI), എക്സിം ബാങ്ക് (Exim Bank), സിഡ്ബി (SIDBI) തുടങ്ങി ഇന്ത്യയിലെ സുപ്രധാന സാമ്പത്തിക സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഐഡിബിഐ പ്രധാന പങ്ക് വഹിച്ചു.
2004ൽ ഐഡിബിഐ ഒരു കൊമേഴ്സ്യൽ ബാങ്കായി മാറി. 2005ൽ പൂർണമായും വാണിജ്യ ബാങ്കിംഗ് സേവനങ്ങളിലേക്ക് ഐഡിബിഐ പ്രവേശിച്ചു. വ്യക്തികൾക്കും വ്യവസായങ്ങൾക്കും കോർപ്പറേറ്റ് ലോണുകൾ, റീട്ടെയിൽ വായ്പകൾ, നിക്ഷേപങ്ങൾ, നിക്ഷേപ സേവനങ്ങൾ തുടങ്ങി ഒട്ടനവധി ബാങ്കിംഗ് സേവനങ്ങൾ നിലവിൽ ഐഡിബിഐ നൽകി വരുന്നുണ്ട്.
ബാങ്കിംഗ് മേഖല വിദേശ കുത്തകക്ക് തീറെഴുതുന്ന കേന്ദ്രനയം
രാജ്യത്തെ വ്യവസായ മേഖലയ്ക്ക് കരുത്തുപകരാൻ സർക്കാർ കെട്ടിപ്പടുത്ത ഐഡിബിഐ പോലൊരു സ്ഥാപനത്തെ വിദേശ കുത്തകക്ക് വിൽക്കുന്ന കേന്ദ്ര സർക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും നടപടി വലിയ ആശങ്കകൾക്കാണ് വഴിവെക്കുന്നത്. ഇതോടൊപ്പം സാധാരണക്കാരുടെ വിയർപ്പിൽ കെട്ടിപ്പടുത്ത കാത്തലിക് സിറിയൻ ബാങ്ക് പോലെ നൂറുവർഷത്തിലേറെ പഴക്കമുള്ള സ്ഥാപനവും പൂർണമായും ഒരു വിദേശ കമ്പനിയുടെ നിയന്ത്രണത്തിന് കീഴിലാവുകയാണ്.
രാജ്യത്തെ ബാങ്കിംഗ് മേഖലയെയും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെയും വിദേശ കമ്പനികളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബാങ്കിന് മേൽ കേന്ദ്ര സർക്കാരിന് നിയന്ത്രണാധികാരമുണ്ടാകും എന്ന് പറയുമ്പോഴും ഭാവിയെന്താകുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. സാധാരണക്കാരായ ഇടപാടുകാർക്ക് നൽകുന്ന സേവനങ്ങളേക്കാൾ തങ്ങളുടെ ഓഹരി മൂല്യത്തിലും ലാഭവിഹിതത്തിലുമാകും കുത്തക മുതലാളിത്ത സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് വലിയ ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് ബാങ്കിംഗ് മേഖലയെ വിദേശ കമ്പനികൾക്ക് കൈയ്യടക്കാൻ പാകത്തിൽ കേന്ദ്രം നിയമങ്ങളും അനുവാദങ്ങളും ഒരുക്കിക്കൊടുക്കുന്നത്.









0 comments