മതപരിവർത്തനം നടത്തിയവർക്ക് പിന്നാക്ക സംവരണത്തിന് അർഹതയില്ല; മദ്രാസ് ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മതപരിവർത്തനം നടത്തിയവർക്ക് പഴയ ജാതിയുടെ അടിസ്ഥാനത്തിൽ പിന്നാക്കവിഭാഗ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ഇസ്ലാം മതം സ്വീകരിച്ചവർക്ക് മുൻ ജാതിപദവിയുടെ അടിസ്ഥാനത്തിൽ സംവരണം അനുവദിച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
മതം മാറുന്നതിന് മുമ്പ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളായിരുന്നു എന്ന കാരണത്താൽ മാത്രം പുതിയ മതത്തിൽ സംവരണം ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംവരണ ആനുകൂല്യം ലഭിക്കണമെങ്കിൽ പുതിയ മതത്തിലെ പിന്നാക്ക സമുദായങ്ങളിലൊന്നിൽ അംഗമാണെന്ന് നിയമപരമായി തെളിയിക്കണം. തമിഴ്നാട്ടിൽ ഏഴ് മുസ്ലിം സമുദായങ്ങൾക്കാണ് പിന്നാക്കവിഭാഗ സംവരണമുള്ളത്. ഹിന്ദുമതത്തിൽനിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്ന എല്ലാവരെയും ഈ സമുദായങ്ങളിലൊന്നിലെ അംഗങ്ങളായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പിന്നാക്കവിഭാഗം, അതിപിന്നാക്കവിഭാഗം, പട്ടികജാതി, ഡീനോട്ടിഫൈഡ് സമുദായങ്ങൾ എന്നിവയിൽനിന്ന് ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് മുസ്ലിം പിന്നാക്കവിഭാഗ സംവരണം ലഭ്യമാക്കാൻ 2024 മാർച്ച് ഒമ്പതിനാണ് തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയത്. മതപരിവർത്തനം നടത്തിയതിന്റെ പേരിൽ നിലവിൽ സംവരണാനുകൂല്യം ലഭിച്ചിരുന്നവർക്ക് അത് നഷ്ടപ്പെടാതിരിക്കാനാണ് ഉത്തരവിറക്കിയതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. തമിഴ്നാട് പിന്നാക്കവിഭാഗ കമീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
2015ൽ ഹിന്ദുമതത്തിൽനിന്ന് ഇസ്ലാം മതം സ്വീകരിച്ച സമീർ അഹമ്മദ് മുസ്ലിം ലബ്ബൈ സമുദായ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചതാണ് കേസിന് ആധാരം. തഹസിൽദാർ അപേക്ഷ നിരസിച്ചതിനെതിരെ അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതി വിധി.
പട്ടികജാതി പദവിയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകളും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ വ്യവസ്ഥപ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ ഉൾപ്പെടാത്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാനാകില്ല. അതേസമയം, ഹിന്ദുമതത്തിലേക്ക് പുനഃപരിവർത്തനം നടത്തുന്നവരുടെ സംവരണ അർഹത മുൻ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം നിർണയിക്കാനാകില്ലെന്നും യഥാർഥ സാമൂഹിക സാഹചര്യങ്ങളും നിയമപരമായ മാനദണ്ഡങ്ങളും പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.









0 comments