പബ്ബിൽ പരിശോധനയ്ക്കെത്തിയ പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമം; ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ബംഗളൂരു: പബ്ബിൽ പരിശോധനയ്ക്കെത്തിയ പൊലീസുകാരെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ആന്ധ്രപ്രദേശ് കേഡറിലെ 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ വികാസ് മർമത്തിനെയാണ് സംസ്ഥാന സർക്കാർ സ്ഥലംമാറ്റിയത്. ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പത്തിലെ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി പ്രോജക്ട് ഡയറക്ടറായിരുന്നു വികാസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
ഒക്ടോബർ പത്തിന് പുലർച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ റെസിഡൻസി റോഡിലുള്ള കവോർ ബാർ ആൻഡ് റെസ്റ്റോറന്റിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. ഇതിനിടെ പബ്ബിലുണ്ടായിരുന്ന ചില യുവതികളോട് പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമായത്. പരിശോധനയെ ചോദ്യംചെയ്ത് വികാസ് മർമത്തും സുഹൃത്തും രംഗത്തെത്തുകയായിരുന്നു.
താൻ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ വികാസ്, യുവതികളുടെ തിരിച്ചറിയൽ രേഖ പരിശോധിക്കാൻ പൊലീസിന് എന്തധികാരമാണുള്ളതെന്ന് ചോദിച്ചു. പൊലീസ് കമീഷണറുടെ നിർദേശപ്രകാരമാണ് പരിശോധനയെന്ന് അറിയിച്ചിട്ടും അദ്ദേഹം തർക്കം തുടർന്നു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വികാസ് പോലീസുകാരോട് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.
ക്രൈംബ്രാഞ്ചിന്റെ അധികാരപരിധിയെക്കുറിച്ചും ചോദ്യംചെയ്ത ഇയാൾ പൊലീസുകാരെ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഇതിനിടെ കൂടെയുണ്ടായിരുന്നവർ പൊലീസുകാരെ പിടിച്ചുതള്ളുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് കൂടുതൽ പൊലീസുകാരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
ഇൻസ്പെക്ടർ അരുൺ സലുങ്കെയുടെ പരാതിയിൽ മർമത്തിനെയും സുഹൃത്തുക്കളായ റിയൽ എസ്റ്റേറ്റ് വ്യവസായി അഭയ് ഉദയ് സിങ്, ബിഹാറിലെ മത്സരപരീക്ഷാ പരിശീലനകേന്ദ്രം ഉടമ നിതീഷ്, ബൗൺസർ റോഷൻ എന്നിവരെയും പ്രതികളാക്കി കബ്ബൺ പാർക്ക് പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൈയേറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മർമത്താണ് ഒന്നാം പ്രതി.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. ആന്ധ്രപ്രദേശിലെ പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസും വിഷയത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ വിമർശിച്ചു. തുടർന്ന് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിന് പിന്നാലെയാണ് വികാസ് മർമത്തിനെ കുപ്പം ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ ചുമതലയിൽനിന്ന് മാറ്റിയത്. തുടർനിയമനത്തിനായി പൊതുഭരണ വകുപ്പിൽ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.








0 comments