Deshabhimani

വാഹനക്കുരുതി: പ്രതി സുഹൈലിന് വാരിക്കോരി ആനുകൂല്യങ്ങൾ; ബാഹ്യ സ്വാധീനം ശക്തം

mini cooper accident

ഇടിച്ചിട്ട മിനി കൂപ്പര്‍, പ്രതി സുഹൈല്‍, പ്രതി മുടിവെട്ടിയ നിലയില്‍

വെബ് ഡെസ്ക്

Published on Oct 15, 2026, 02:08 PM | 2 min read

തിരുവനന്തപുരം: നെടുമ്പാശേരി വാഹനക്കുരുതിയിൽ കേസ് ദുർബലപ്പെടുത്തി പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഇടപെടലുകളുമായി പൊലീസും സർക്കാരും. മിനി കൂപ്പർ വാഹനം ഇടിച്ചു കയറ്റി മൂന്നു ജീവനെടുത്ത പ്രതിയെ രക്ഷിക്കാൻ വാപ്പ മാത്രമല്ല, ഉന്നതർ നേരിട്ട് രംഗത്തിറങ്ങിയതായാണ് വിവരം. തുടക്കത്തിൽ കേസിന് ബലം നൽകുന്ന പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും പ്രതിയ്ക്ക് നിയമത്തെ അവഗണിച്ച് ആനുകൂല്യങ്ങൾ നൽകുന്നതിലും ഈ ഇടപെടലുകൾ ഉറപ്പിക്കുന്നതാണ്.


പ്രതിക്കായി ആലപ്പുഴയിലെ കോൺ​ഗ്രസ് നേതാക്കളാണ് ആദ്യം ഇടപെട്ടത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകളിൽ നിന്നും സമ്മർദം ചെലുത്തിയതായും സൂചനയുണ്ട്. പൊലീസിൽ ചിലർ തന്നെ പ്രതിക്കായി ചരടുവലികൾ നടത്തുന്നതായും വിവരമുണ്ട്.


ഞായർ പുലർച്ചെ അപകടവിവരം പുറത്തുവന്നയുടനെ എല്ലാ തലത്തിൽ നിന്നും ശക്തമായ സമ്മർദ്ദമായിരുന്നു ഇതുപ്രകാരമായിരുന്നു കേസ് ദുർബലമാക്കാനുള്ള അതിവേഗ നടപടികൾ. പുലർച്ചെ 1.45 ന് നടന്ന അപകടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് രാവിലെ 7 മണിയോടെയാണ്. മനഃപൂർവം കാലതാമസം വരുത്തി. പ്രതിയുടെ പേര് എഴുതാതെ വണ്ടി നമ്പർ മാത്രം ഉൾപ്പടുത്തി എഫ്ഐആർ ഇട്ടു. പ്രതിയെ മനസിലായില്ല എന്നതാണ് ഇതിനു നൽകിയ വിശദീകരണം. പ്രതിയുടെ പേരില്ലാതെ എഫ്ഐആർ ഇട്ടതിനു പിന്നിൽ വാഹനം ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നുവെന്ന് വരുത്തി തീർക്കാനും സുഹൈലിനെ സംരക്ഷിക്കാനുമുള്ള ബോധപൂർവമായ ശ്രമം കൂടിയാണ്.


സംഭവത്തിനു മുമ്പ് പ്രതി മൂന്നു ബാറുകളിൽ കയറി മദ്യം കഴിച്ചിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുക ഉണ്ടായിരിക്കെ മദ്യപിച്ചിരുന്നതായി വിവരമില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്. താൻ മദ്യപിച്ചതായി സ്റ്റേഷനിൽ എത്തിച്ച വേളയിൽ പ്രതി തന്നെ സമ്മതിച്ചതായി അവിടെ ഉണ്ടായിരുന്ന ചിലരുടെ പ്രതികരണം ഉണ്ടായിരുന്നു. എന്നാൽ, പൊലീസിന് അതുറപ്പിക്കാൻ തെളില്ലാത്തത് അതിവിചിത്രമാണ്. ഇതെല്ലാം ശക്തമായ ബാഹ്യസമ്മർദ്ദവും പൊലീസിലെ തന്നെ ഇടപെടലുകളും സംശയിക്കുന്നതിനുള്ള തെളിവുകളാണ്.


കഴിഞ്ഞ ദിവസം കോടതിയിലെത്തിച്ച പ്രതിയുടെ മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മുടി മുറിച്ച് ആളെ തിരിച്ചറിയാൻ കഴിയാത്തവിധമാക്കിയത് സാക്ഷികൾക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്നതാണ്. സാധാരണ ജയിൽ വാസത്തിൽ മാത്രമാണ് മുടിവെട്ടുന്ന പതിവുള്ളത്. കസ്റ്റഡിയിലുള്ള പ്രതികളുടെ മുടിമുറിക്കുന്നത് അനുവദനീയമല്ല. ഇത്തരത്തിൽ പ്രതിയോടുള്ള അനുകൂല സമീപനങ്ങൾ അടിമുടി ദുരൂഹമാണ്.


ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട പ്രതിയെ ജയിലിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ പകരം ബോസ്‌റ്റൽ ഹോമിലേയ്ക്ക് കൊണ്ടുപോയതും നിലവിലെ നിയമവ്യവസ്ഥകൾക്കെതിരാണ്. വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പോലും ജയിലിലടയ്ക്കുന്ന സമീപകാല സംഭവങ്ങൾക്കിടയിലാണ് വയസിന്റെ പേരു പറഞ്ഞുള്ള ബോസ്റ്റൽ ആനുകൂല്യം.


ദുർബലമായ വകുപ്പുകൾ മാത്രം ചേർത്ത് സുഹൈലിനെ സംരക്ഷിക്കാനുള്ള പൊലീസ്-സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധവും ആളിക്കത്തുകയാണ്. ഇന്ന് ആലപ്പുഴയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടക്കുകയാണ്. പ്രതിക്ക് കിട്ടുന്ന ആനുകൂല്യങ്ങും ബാഹ്യ ഇടപെടലുകളും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ആലപ്പുഴ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home