യുഎസിൽ ക്ഷേത്രത്തിന് നേരെ വെടിവെപ്പിന് പദ്ധതി: 19കാരനെ പിടികൂടിയ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ കോൺസുലേറ്റ്

ന്യൂഡൽഹി : യുഎസിലെ ഇല്ലിനോയിയിൽ ക്ഷേത്രത്തിന് നേരെ വെടിവെയ്പ്പ് നടത്താൻ പദ്ധതിയിട്ട 19 കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രശംസയറിയിച്ച് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. നിയമപാലകരുടെ സമയോചിതമായ ഇടപെടലിനെ ഇന്ത്യന് കോണ്സുലേറ്റ് ജനറൽ സ്വാഗതം ചെയ്തു.
ക്ഷേത്രത്തെ ലക്ഷ്യമിട്ടുള്ള നീക്കം തടഞ്ഞതുമായി ബന്ധപ്പെട്ട വാര്ത്തകള് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കോണ്സുലേറ്റ് വ്യക്തമാക്കി. യുഎസിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ പ്രസ്താവനയില് അറിയിച്ചു.
പലടൈൻ സ്വദേശിയായ അലക്സാന്ദ്രോസ് പപോരാക്കിസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് ഇന്ത്യൻ വംശജർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ ഒരു കടലാസ് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
നവരാത്രി ആഘോഷങ്ങൾ തുടങ്ങാനാരിക്കെയായിരുന്നു ആക്രമണത്തിന് ശ്രമം. ഒക്ടോബർ 11ന് കൂട്ടക്കൊലപാതകത്തിന് പദ്ധതിയിടുന്നുവെന്ന് പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. പദ്ധതി വിവരിക്കുന്ന ഒരു രേഖയുൾപ്പെടെ വിവരം നൽകിയ വ്യക്തിക്ക് യുവാവ് അയച്ചുകൊടുത്തിരുന്നതായി അന്വേഷ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താമസസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.








0 comments