മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് 'ബ്ലൂ ഡ്രമ്മി'ല് ഒളിപ്പിച്ച കേസ്; വധശിക്ഷാ വിധി കേട്ട് പൊട്ടിക്കരഞ്ഞ് പ്രതികള്

മീററ്റ് : മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ സിമന്റ് ഇട്ട് മൂടിയ കേസിൽ വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതികളായ മുസ്കാൻ രസ്തോഗിയും കാമുകനായ സാഹിൽ ശുക്ലയും. മീററ്റ് ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വിധി കേട്ടതിന് ശേഷം ഇരുവരും ഭക്ഷണം കഴിച്ചിട്ടില്ലെന്നും ജയിൽ അധികൃതർ അറിയിച്ചു. വിധി വന്നതിന് ശേഷമുള്ള നടപടിക്രമങ്ങളെ കുറിച്ച് പ്രതികള് ചോദിച്ച് അറിഞ്ഞതായും ജയില് അധികൃതര് പറഞ്ഞു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ചത്. കോടതി വിധിയില് തങ്ങള് പൂര്ണ തൃപ്തരാണെന്നാണ് കൊല്ലപ്പെട്ട സൗരവ് രജ്പുത്തിന്റെ മാതാവ് രേണുവും സഹോദരന് രാഹുലും പ്രതികരിച്ചു.
വധശിക്ഷയ്ക്ക് പിന്നാലെ പ്രതികളുടെ സുരക്ഷയും നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്. ഇരുവർക്കും പുതിയ സെല്ലും വസ്ത്രവും നൽകി. ശുക്ലയ്ക്ക് വെള്ള കുര്ത്തയും പൈജാമയും മുസ്കാന് ക്രീം കളര് സാരി ആകും വേഷം. അതേസമയം മുസ്കാന്റെ മൂത്ത മകളെ സൗരഭിന്റെ കുടുംബം ഏറ്റെടുക്കും.
എന്താണ് ബ്ലൂ ഡ്രം കൊലപാതകം
കൊലപാതകം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. 2025 മാർച്ചിനാണ് സൗരഭ് രാജ്പുത് കൊല്ലപ്പെടുന്നത്. മുസ്കാന് തന്റെ സുഹൃത്തായ സാഹിലുമായി ബന്ധമുണ്ടെന്ന് സൗരഭ് കണ്ടെത്തുകയും വിവാഹബന്ധം വേർപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മകളുടെ ഭാവിയോർത്ത് ചെയ്തില്ല. 2023ല് മര്ച്ചന്റ് നേവിയില് വീണ്ടും ജോലിയ്ക്ക് കയറി. മകളുടെ ആറാം ജന്മദിനം ആഘോഷിക്കാന് ഇന്ദിരാനഗരിലെ വീട്ടില് 2025 ല് മടങ്ങി എത്തിയ സൗരഭിനെ മാര്ച്ച് മൂന്നിനാണ് കൊലപ്പെടുത്തിയത്. ഭാര്യ മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതനാക്കി. പിന്നീട് വീട്ടിലെത്തിയ സാഹിലും മുസ്കാനും ചേർന്ന് രാജ്പുതിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കുളിമുറിയിൽ വച്ച് മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു. ശേഷം ശരീരഭാഗങ്ങൾ ഒരു വലിയ നീല പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചു. പിന്നീട് കോൺക്രീറ്റ് നിറച്ച് അടച്ചു.
നീല ഡ്രമ്മാണ് അന്വേഷണത്തിൽ നിർണായകമായത്. 13 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് മുസ്കാനെയും സാഹിലിനെയും കോടതി കുറ്റക്കാരായി കണ്ടെത്തിയത്.









0 comments