നെറ്റ്ഫ്ലിക്സിൽ കൂട്ടപ്പിരിച്ചുവിടൽ; 1,000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

ന്യൂഡൽഹി : ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഒടിടി മേഖലയിലെ കടുത്ത മത്സരവും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും നേരിടുന്നതിനിടെയാണ് പുതിയ നീക്കം. ആഗോളതലത്തിൽ കമ്പനിയുടെ ഏകദേശം ആറ് ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. പ്രൊഡക്ഷൻ, ടെക്, ലീഗൽ, ഹ്യൂമൻ റിസോഴ്സ് എന്നീ മേഖലകളെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒടിടി മേഖലയിലെ കടുത്ത മത്സരത്തെ തുടർന്ന് കാണികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാനത്തോടെ നെറ്റ്ഫ്ലിക്സിൽ ഏകദേശം 16,000 മുഴുവൻ സമയ ജീവനക്കാരുണ്ടായിരുന്നു. ഇവരിൽ നിന്ന് ഏകദേശം 1,000 പേരെ പിരിച്ചുവിടുന്നതോടെ സമീപകാലത്തെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലുകളിലൊന്നായി ഇത് മാറും. കടുത്ത മത്സരം നേരിടുന്നതിനിടെ ജീവനക്കാരെ പിരിച്ചുവിടാനിരിക്കുമ്പോഴും കമ്പനിയുടെ സേവനം മികച്ചതാക്കുന്നതിന്, വളർച്ചയ്ക്ക് നിർണായകമായ മേഖലകളിൽ നിക്ഷേപം തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
നെറ്റ്ഫ്ലിക്സ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുനിർത്താനുള്ള ഒടിടി മേഖലയിലെ മത്സരമാണ്. യൂട്യൂബ്, ടിക്ടോക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ സമയം ഉപയോക്താക്കളെ ആകർഷിക്കുന്നതിനാൽ ഒടിടി പ്ലാറ്റ്ഫോമുകൾ തമ്മിലുള്ള തമ്മിലുള്ള മത്സരം ശക്തമായി.
എഐ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ വൻതോതിൽ പണം ചെലവഴിക്കുന്നുണ്ട് നെറ്റ്ഫ്ലിക്സ്. ഇതിന് മുൻപ് ആഗോള ടെക് ഭീമന്മാരായ ആമസോൺ, ഒറാക്കിൾ തുടങ്ങിയ കമ്പനികളും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ചെലവ് നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ നെറ്റ്ഫ്ലിക്സ് 45.2 ബില്യൺ ഡോളർ വരുമാനമാണ് രേഖപ്പെടുത്തിയത്. പരസ്യവരുമാനവും 1.5 ബില്യൺ ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.








0 comments