സെറിബ്രൽ പാൾസി തോറ്റൂ, ഈ അമ്മയ്ക്ക് മുന്നിൽ

ലവ് യു മാം പരിപാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച എഴുത്തുകാരൻ അയ്യപ്പൻ അടൂർ എന്ന മേധജ് കൃഷ്ണയുടെ അമ്മ രശ്മിയെ അസിസ്റ്റന്റ് ഐജി മെറിൻ ജോസഫ് ആദരിക്കുന്നു. അയ്യപ്പൻ അടൂർ സമീപം

സ്വാതി സുജാത
Published on May 12, 2025, 12:00 AM | 1 min read
തിരുവനന്തപുരം : "ഈ കുഞ്ഞ് നിനക്ക് ജീവിതകാലം മുഴുവൻ തലവേദനയായിരിക്കും' ലേബർ റൂമിൽ കുഞ്ഞിന്റെ കരച്ചിലിനായി കാതോർത്ത അമ്മയിലേക്കെത്തിയത് ആശുപത്രി അധികൃതരുടെ ഈ വാക്കാണ്. എന്താണ് അവർ പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും അവനാർക്കുമൊരു ബാധ്യതയാകില്ലെന്ന് ആ അമ്മ മനസ്സിലുറപ്പിച്ചു.
സെറിബ്രൽ പാൾസി തന്റെ മകനെ പിടിമുറിക്കിയെന്ന് തിരിച്ചറിയാൻ ജി എസ് രശ്മിക്ക് കുറച്ചു സമയം വേണ്ടിവന്നു. മുലപ്പാൽ വലിച്ചു കുടിക്കാൻ കഴിയാതിരുന്ന മകനെ പാല് കുടിപ്പിക്കുകയായിരുന്നു രശ്മിയുടെ ആദ്യ ദൗത്യം. കുഞ്ഞ് ജനിച്ച് 32–-ാം ദിനം അവർ വിജയിച്ചു. ഇനി മകനായി തോൽക്കില്ലെന്ന വാശിയിൽ ജോലി ഉപേക്ഷിച്ച് മകനായി സ്‌പെഷ്യൽ സ്കൂൾ അധ്യാപക പരിശീലനം നേടി. മകന്റെ ഓരോ ചെറിയ മാറ്റവും ആ അമ്മയെ സന്തോഷിപ്പിച്ചു.
രണ്ടുവയസ്സുകാരൻ മേധജ് കൃഷ്ണ പൂമ്പാറ്റയെക്കുറിച്ച് എന്തൊക്കെ പറഞ്ഞു. അവന്റെ ഭാഷ മനസ്സിലാകുമായിരുന്ന അമ്മ അതെല്ലാം കുറിച്ചു. മകൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ കുറിച്ചുവച്ചതൊക്കെയും ഒരു പുസ്തകമാക്കി അയ്യപ്പൻ അടൂർ എന്ന തൂലികാനാമത്തിൽ "പൂമ്പാറ്റ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. മൂന്നാം വർഷം ബിരുദത്തിന് പഠിക്കുമ്പോൾ നാലാമത്തെ ബുക്ക് നിശ്ശബ്ദതയും പ്രസിദ്ധീകരിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോൾത്തന്നെ മകനെ നാല് പുസ്തകങ്ങളുടെ രചയിതാവാക്കിയ അമ്മ പ്രത്യേക പരിഗണന അർഹിക്കുന്ന ഒരുപാട് കുട്ടികളുടെ അമ്മയാണ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബിഎ മലയാളം അവസാനവർഷ പരീക്ഷ എഴുതി നിൽക്കുന്ന മേധജിന്റെ ആഗ്രഹം അധ്യാപകനാകണമെന്നാണ്. അച്ഛൻ ജി പ്രദീപ് കുമാറും സഹോദരി അന്നപൂർണയ്ക്കുമൊപ്പം ശാസ്തമംഗലത്താണ് താമസം.
മാതൃദിനത്തോടനുബന്ധിച്ച് മാനവീയം വീഥിയിൽ "ലവ് യു മോം'പരിപാടിയിൽ രശ്മിയെ എഐജി മെറിൻ ജോസഫ് ആദരിച്ചു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും വിമൻസ് എംപവർമെന്റ് ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി റിട്ട. ഡിജിപി ഋഷിരാജ് സിങ് ഉദ്‌ഘാടനം ചെയ്തു.
കലാമണ്ഡലം വിമല മേനോൻ, നടി വിന്ദുജാ മേനോൻ, ഡബ്ല്യുഎച്ച്ഐ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി, ഡോ. വാണി ദേവി, എസ്‌കെ ആശുപത്രി ചീഫ് ശിശുരോഗ വിദഗ്ധ ഡോ. മീന കൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments