print edition കേന്ദ്രത്തിന്റെ കൊള്ള: തപാൽ പാഴ്‌സൽ നിരക്ക് കുത്തനെകൂട്ടി

സ്വന്തം ലേഖകൻ
Published on Aug 02, 2026, 01:23 AM | 1 min read
കൊച്ചി: തപാൽ പാഴ്‌സൽ വിതരണത്തിന്റെ നിരക്ക് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ഓർഡിനറി പാഴ്‌സൽ, സ്‌പീഡ് പോസ്റ്റ് പാഴ്‌സൽ സേവനങ്ങളുടെ നിരക്കാണ് ഗണ്യമായി കൂട്ടിയത്. പുതുക്കിയ നിരക്കനുസരിച്ച് സംസ്ഥാനത്തിനകത്ത് ഓർഡിനറി പാഴ്‌സൽ 500 ഗ്രാമിന് 42 രൂപയായിരുന്നത് 77 രൂപയായി വർധിപ്പിച്ചു. സംസ്ഥാനത്തിന് പുറത്തേക്കാണെങ്കിൽ 84 രൂപയാകും. സ്‌പീഡ് പോസ്റ്റിൽ 500 ഗ്രാമിന് 55 രൂപയായിരുന്നത് സംസ്ഥാനത്തിനകത്ത് 90 രൂപയായും സംസ്ഥാനത്തിന് പുറത്തേക്ക് 106 രൂപയായും വർധിപ്പിച്ചു.
ദൂരവും ഭാരവും അടിസ്ഥാനമാക്കിയാണ് പുതിയ സ്ലാബുകൾ നിശ്ചയിച്ചത്. ഓരോ 500 ഗ്രാമിനും നിരക്ക് കൂടും. വർധന ശനിയാഴ്ച പ്രാബല്യത്തിലായി. കഴിഞ്ഞവർഷവും നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഓൺലൈൻ സംരംഭകരെയുമാണ് നിരക്ക് വർധന കൂടുതൽ ബാധിക്കുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ അയക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ, വീട്ടമ്മമാരുടെ ചെറുകിട സംരംഭങ്ങൾ, കൈത്തറി–കരകൗശല ഉൽപ്പന്ന നിർമാതാക്കൾ തുടങ്ങിയവർക്ക് തപാൽച്ചെലവ് ഗണ്യമായി വർധിക്കും. ഇതോടെ കൂടുതൽപേർ സ്വകാര്യ കൊറിയർ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാകും.
പാഴ്‌സൽ ബുക്കിങ് കുറയുന്നതോടെ തപാൽ ഓഫീസുകളിലെ വരുമാനവും ഇടപാടും കുറയും. ഇടപാടുകൾ കുറഞ്ഞുവെന്ന പേരിൽ ഓഫീസുകൾ ലയിപ്പിക്കാനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.










0 comments