ആയുഷ്‌മാൻ ഭാരത്‌ ദുർബലമാക്കാൻ കേന്ദ്രം; കുടിശ്ശിക 1.21 ലക്ഷം കോടി

ayushmanbharat
avatar
സ്വന്തം ലേഖിക

Published on Jul 28, 2025, 12:30 AM | 1 min read

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക്‌ ചികിത്സ ഉറപ്പാക്കേണ്ട പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ കഴുത്തുഞെരിച്ച്‌ കേന്ദ്ര സർക്കാർ. പദ്ധതി പ്രകാരം ചികിത്സ ലഭ്യമാക്കിയ ആശുപത്രികൾക്ക്‌ കേന്ദ്രം 1.21 ലക്ഷം കോടി രൂപ നല്‍കാനുണ്ട്‌. കേരളത്തിലെ ആശുപത്രികൾക്കുമാത്രം കുടിശ്ശിക 400 കോടി രൂപ. അഞ്ചു ശതമാനം ബില്ലുകളിൽ മാത്രമാണ്‌ 15 ദിവസത്തിനിടെ പണം നൽകിയത്‌. ഗുജറാത്തിൽ, 2021 മുതൽ 2023 വരെ 300 കോടി കുടിശിക നൽകാനുണ്ട്‌. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ (ഐഎംഎ) വെളിപ്പെടുത്തിയതാണിത്‌.


കൃത്യമായ സമയത്ത്‌ പണം ലഭിക്കാത്തത്‌ പല ആശുപത്രികളുടെയും പ്രവർത്തനം പ്രതിസന്ധിയിലാക്കി. ചികിത്സാപദ്ധതികള്‍ അപര്യാപ്‌തമായതിനാൽ സങ്കീർണ ശസ്‌ത്രക്രിയകൾക്ക്‌ ആശുപത്രിയിലെത്തുന്ന പല രോഗികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല. പദ്ധതിയിലെ പരിരക്ഷാ നിരക്കുകൾ യഥാർഥ ചികിത്സാ ചെലവുകൾക്കും വളരെ താഴെയായതിനാൽ പല ആശുപത്രികളും പദ്ധതിയിൽ ചേരുന്നില്ല.

ആയുഷ്‌മാൻ പദ്ധതിക്കുകീഴിൽ 9.84 കോടി ആശുപത്രി പ്രവേശനങ്ങൾക്കായി 1.40 ലക്ഷം കോടി രൂപയിൽ കൂടുതൽ ബിൽ തുക നൽകിയെന്നും കേന്ദ്രസർക്കാർ വെള്ളിയാഴ്‌ച പാർലമെന്റിൽ അവകാശപ്പെട്ടു. രാജ്യമാകെ 41 കോടിയിലധികം ആയുഷ്‌മാൻ കാർഡുകൾ വിതരണം ചെയ്‌തിട്ടുണ്ട്. താഴ്‌ന്ന വരുമാനക്കാരായ രോഗികൾക്ക്‌ പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ പണം അടയ്‌ക്കാതെ ആശുപത്രിയിൽ ചികിത്സനേടാനുള്ള ഇൻഷുറൻസ്‌ പരിരക്ഷയാണ്‌ പദ്ധതി വാഗ്‌ദാനം ചെയ്യുന്നത്‌. ഈ പണം ആശുപത്രികൾക്ക്‌ സർക്കാർ കൈമാറും. ഈ ബില്ലുകളിലാണ്‌ കുടിശ്ശിക വരുത്തിയത്‌.


ആയുഷ്‌മാൻ പദ്ധതിയിൽ പണം ലഭിക്കുന്നത് വൈകുന്നതും ചികിത്സാ ചെലവുകൾ പൂർണമായും ഉൾക്കൊള്ളാത്തതിലും ഐഎംഎ ആശങ്കയറിച്ചു. സ്വകാര്യ ആശുപത്രികളിൽ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനുള്ള സങ്കീർണതകളും കുറഞ്ഞ നിരക്കുകളും ചൂണ്ടിക്കാട്ടി ദേശീയ ആരോഗ്യ മിഷന്‌ ഐഎംഎ കത്തയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home