print edition എസ്‌എസ്‌കെ ഫണ്ട്: കേന്ദ്രം തടഞ്ഞുവച്ചത് 1158.13 കോടി

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി.
കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തിന് ലഭിക്കേണ്ട 1158.13 കോടി രൂപയുടെ കേന്ദ്ര വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണ്. പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടും തുക നൽകാതെ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023–-24ൽ ലഭിക്കേണ്ട 421.62 കോടി രൂപയിൽ 188.58 കോടി രൂപ കുടിശ്ശികയാണ്. 2024–-25 വർഷത്തേക്ക് അംഗീകരിച്ച 513.54 കോടി രൂപയിൽ ഒരു പൈസ പോലും അനുവദിച്ചില്ല. 2025–-26 വർഷത്തെ 446.01 കോടി രൂപ കൂടി ചേർത്താണ് ആകെ 1158.13 കോടി രൂപ കേന്ദ്രം കുടിശ്ശികയാക്കിയത്. 266 കോടി രൂപ അടിയന്തരമായി ആവശ്യപ്പെട്ട സ്ഥാനത്ത് വെറും 6.86 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഒരു ബംബർ ലോട്ടറിക്ക് പോലും കേരളം 25 കോടി സമ്മാനം നൽകുമ്പോഴാണ് കേന്ദ്രം തുച്ഛമായ തുക വിദ്യാഭ്യാസത്തിനായി അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 27-ന് ചേർന്ന സപ്ലിമെന്ററി പിഎബി മീറ്റിങിൽ 129.31 കോടി രൂപ നൽകാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സമ്മതിച്ചിരുന്നെങ്കിലും മാർച്ച് 30-ന് പുറത്തിറക്കിയ മിനിട്സിൽ ഇത് അട്ടിമറിക്കപ്പെട്ടു. നിലവിലെ മിനിട്സ് റദ്ദാക്കണമെന്നും കേരളവുമായി കൂടിയാലോചിച്ച് പുതിയ തീരുമാനമെടുക്കണമെന്നും സംസ്ഥാനം കത്തിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അവകാശപ്പെട്ട പണം തടഞ്ഞുവെക്കുന്നത് അനീതിയാണെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.











0 comments