print edition മലനാടിൻ മിടിപ്പ്

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥ തിരുവല്ലയിൽ എത്തിയപ്പോൾ /ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
സ്വന്തം ലേഖകർ
Published on Feb 08, 2026, 12:00 AM | 1 min read
പത്തനംതിട്ട/കോട്ടയം: നവകേരളത്തിന്റെ നേർസാക്ഷ്യങ്ങളായ വികസനവിസ്‌മയങ്ങൾ മലയോരവീഥികളിലൂടെ അക്ഷരനാട്ടിലെത്തിയ എൽഡിഎഫ് മധ്യമേഖലാ ജാഥയെ ജനത ഹൃദയത്തിൽ വരവേറ്റു. ജോസ് കെ മാണി എംപി നയിക്കുന്ന മധ്യമേഖലാജാഥ പത്തനംതിട്ടയിൽ മുഖാമുഖത്തിനുശേഷമാണ് പര്യടനം ആരംഭിച്ചത്. അടൂരായിരുന്നു ആദ്യ സ്വീകരണം. വൈകിട്ട് മൂന്നോടെ തിരുവല്ലയിലേക്ക്.
കോട്ടയം ജില്ലാഅതിർത്തിയായ ചങ്ങനാശേരി ളായിക്കാടും കോട്ടയം നഗരത്തിലെ ചന്തക്കവലയിലും നൽകിയ വരവേൽപ്പ് മധ്യകേരളത്തിന്റെ മനച്ചുവപ്പ് വെളിവാക്കി. കോട്ടയം തിരുനക്കര മൈതാനത്ത് രാത്രി വൈകിയാണ് ജാഥ എത്തിയത്. ഞായർ രാവിലെ 8.30ന് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സംവദിക്കും. പാമ്പാടി ടൗൺ, ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈക്കം ബോട്ടുജെട്ടി മൈതാനത്താണ് സമാപനം.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സിപിഐ അസി. സെക്രട്ടറി പി പി സുനീർ എംപി, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, കോൺഗ്രസ് എസ് സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്‌കറിയ പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ.










0 comments