ad
Deshabhimani

print edition 6 മാസം റേഷൻ വാങ്ങാത്തവരുടെ കാർഡ്‌ മരവിപ്പിക്കും; പട്ടിണിക്കിട്ട്‌ 
കേന്ദ്രസർക്കാർ

ration
avatar
ബി എസ്‌ ആരതി

Published on Sep 13, 2026, 12:31 AM | 2 min read

തിരുവനന്തപുരം : ദേശീയ ഭക്ഷ്യഭദ്രതാ ഭേദഗതി ബിൽ 2026ലെ ഇരട്ടത്താപ്പിനുപിന്നാലെ റേഷൻ വെട്ടിക്കുറയ്‌ക്കലുമായി കേന്ദ്ര സർക്കാർ. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡ്‌ മരവിപ്പിക്കാനുള്ള കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഉത്തരവ് വർഷം അഞ്ച്‌ ലക്ഷംരൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത്‌ ഉൾപ്പെടെയുള്ള പദ്ധതികൾകൂടി മുടക്കും. ഇതുപ്രകാരം ഒക്‌ടോബർ ഒന്നുമുതൽ ഇ‍ൗ കാർഡുകാർക്ക്‌ റേഷൻ ലഭിക്കില്ല.


സംസ്ഥാനത്ത്‌ 17.85 ലക്ഷം കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിക്കുന്ന നീക്കത്തിൽ സംസ്ഥാന സർക്കാരും നിശബ്‌ദത തുടരുകയാണ്. ആകെ 95.9 ലക്ഷം റേഷൻ കാർഡുടമകളാണ്‌ സംസ്ഥാനത്തുള്ളത്‌. ജോലി സംബന്ധമായും ചികിത്സാർഥവും സംസ്ഥാനത്തിന്‌ പുറത്തുള്ളവർ ഇതോടെ ആനൂകൂല്യങ്ങളിൽനിന്ന്‌ പുറത്താകും. നിശ്ചിത കാലപരിധിക്കുള്ളിൽ റേഷൻ കാർഡ്‌ പുതുക്കിയില്ലെങ്കിൽ റേഷൻ വിഹിതം പൂർണമായും നിർത്തലാക്കുമെന്നാണ്‌ ഉത്തരവിൽ.


ജൂണിൽ ദേശീയ ഭക്ഷ്യഭദ്രതാ ഭേദഗതി ബില്ലിലൂടെ പാവപ്പെട്ടവർക്കുള്ള എഎവൈ (മഞ്ഞ) കാർഡുടമകളുടെ ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചിരുന്നു. എഎവൈ കാർഡുടമകൾക്കുള്ള 35 കിലോ സൗജന്യ റേഷൻ ഒരംഗത്തിന് ഏഴ്‌ കിലോ എന്നാക്കി കുറയ്‌ക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്തെ 5,44,448 കാർഡുകളിലായി 18,33,360 ഗുണഭോക്‌താക്കളെ ബാധിക്കുന്നതായിരുന്നു നടപടി. ബില്ലിൽ പൊതുജന അഭിപ്രായ രൂപീകരണത്തിനുള്ള സമയം ജൂലായ്‌ 13ന്‌ അവസാനിച്ചിരുന്നു.



റേഷൻ ചോരുമ്പോഴും ഭക്ഷ്യവകുപ്പിന്‌ അനാസ്ഥ


കരിഞ്ചന്തയിൽ റേഷനരിയും പഞ്ചസാരയും, സോഫ്‌റ്റ് വെയറിൽ കൃത്രിമത്വം, റേഷരിയിൽ പുഴുക്കൾ. ഒപ്പം കൈക്കൂലിയും കെടുകാര്യസ്ഥതയും. ഭക്ഷ്യ പൊതുവിതരണവകുപ്പിലെ അവസ്ഥ ഇതാണ്‌. റേഷനരി മറിച്ചുവിൽക്കുന്നു എന്ന്‌ പരാതിയുയരുമ്പോൾ മാത്രം പരിശോധന നടത്തിയാണ്‌ ഉദ്യോഗസ്ഥർ അരി മാഫിയയെ സഹായിക്കുന്നത്‌. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ടൺകണക്കിന്‌ റേഷൻ അരിയാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിലേക്കും സ്വകാര്യ ഗോഡ‍ൗണുകളിലേക്കും കടത്താനുള്ള നീക്കത്തിനിടയിൽ പിടിക്കപ്പെട്ടത്‌.


ഇ‍ൗ മാസാമാദ്യം കരുനാഗപ്പള്ളി, പാറശാല എന്നിവിടങ്ങളിൽനിന്ന്‌ 1014 ചാക്ക്‌ അരിയും 94 ചാക്ക്‌ ഗോതമ്പും പിടിച്ചെടുത്തു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പനച്ചമൂട്‌ മേഖലയിലെ സ്വകാര്യ ഗോഡ‍ൗണിൽനിന്ന്‌ 246 ചാക്ക്‌ റേഷൻ ഭക്ഷ്യധാന്യം കണ്ടെത്തി. മൂവാറ്റുപുഴയിൽ റേഷൻകടകളിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുക്കളെ കണ്ടെത്തി. സിപിഐ എം പ്രതിഷേധത്തെ തുടർന്ന്‌ ഇ‍ൗ അരി പരിശോധിച്ചു.


പിന്നാലെയാണ്‌ ഓണക്കാലത്ത്‌ സപ്ലൈകോ പുറത്തിറക്കിയ ഗിഫ്‌റ്റ്‌ കാർഡുകളിൽ നടന്ന അഴിമതി പുറത്തായത്‌. എറണാകുളത്ത്‌ ഗിഫ്‌റ്റ്‌ കാർഡുകളുടെ മറവിൽ സബ്‌സിഡിയിതര പഞ്ചസാര സ്വകാര്യ കമ്പനിക്ക്‌ വൻതോതിൽ കൈമാറി. സംഭവത്തിൽ സപ്ലൈകോ ഹെഡ്‌ ഓഫീസിലെ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ്‌ ജീവനക്കാരായിരുന്നു.


വിപണിയിൽ പഞ്ചസാര വില കുതിച്ചുയരുമ്പോഴാണ്‌ സ്റ്റോക്കിൽ തിരിമറി നടത്തിയത്‌. ബുധനാഴ്‌ച പാറശാലയ്‌ക്ക് സമീപം അഞ്ചാലിക്കോണത്തെ സ്വകാര്യ അരിഗോഡൗണിൽ നിന്ന്‌ 238 ചാക്ക് റേഷനരിയും അഞ്ച് ചാക്ക് ഗോതമ്പും മെഡിക്കൽ കോളേജ്‌ പരിധിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 275 ചാക്ക്‌ അരിയും പിടികൂടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home