print edition തൊഴിലുറപ്പ് പദ്ധതി പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമം: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : പടിപടിയായി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കൊടുവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. 40 ശതമാനം ചെലവ് സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ് ക്കുക വഴി കേരളത്തിന് ഒരുവർഷം 1600 കോടിയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. ഈ ബില്ലിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം.
പദ്ധതിയുടെ ഫണ്ടിങ് പാറ്റേണിലെ മാറ്റമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളെ ഏറ്റവുമധികം ബാധിക്കുന്നത്. ചെലവിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ ചുമലിൽ കെട്ടിയേൽപ്പിക്കുകയാണ്.
പ്രതിവർഷം ശരാശരി 4000 കോടി രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ചെലവായി വരുന്നത്. നിലവിൽ മെറ്റീരിയൽ ഘടകത്തിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം വഹിക്കേണ്ടിവരുന്നത്. ബില്ലിലെ സെക്ഷൻ 22(2) പ്രകാരം പദ്ധതിയുടെ ആകെ ചെലവ് വിഹിതം 60:40 എന്ന ശതമാനത്തിലേക്ക് മാറ്റുമ്പോൾ ആകെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരും.
ശരാശരി 4000 കോടി രൂപ വാർഷിക ചെലവ് വരുന്ന പദ്ധതിയുടെ 40 ശതമാനം തുകയായ 1600 കോടി രൂപ സംസ്ഥാനത്തിന്റെ ബാധ്യതയാകും. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കുന്ന കേന്ദ്രസർക്കാരാണ് ഈ അധികബാധ്യതയും അടിച്ചേൽപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments