print edition മത്സ്യബന്ധന തുറമുഖങ്ങളിലെ കേന്ദ്രസർക്കാർ നിയന്ത്രണം അംഗീകരിക്കില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആയിരത്തി ഇരുനൂറോളം മത്സ്യബന്ധന തുറമുഖങ്ങളെയും ലാൻഡിങ് കേന്ദ്രങ്ങളെയും സുരക്ഷാ നിയന്ത്രിത മേഖലകളാക്കി മാറ്റാനുള്ള കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നീക്കം നയവ്യതിയാനം മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലേക്കും അവകാശങ്ങളിലേക്കുമുള്ള കടന്നുകയറ്റമാണെന്ന് ഓൾ ഇന്ത്യ ഫിഷേഴ്സ് ആൻഡ് ഫിഷറീസ് വർക്കേഴ്സ് ഫെഡറേഷൻ.
സമുദ്രാതിർത്തിയുടെ പരമാധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാണെങ്കിലും 12 നോട്ടിക്കൽ മൈൽവരെയുള്ള മീൻപിടിത്തത്തിന്റെയും തീരദേശ ഉപജീവനമാർഗങ്ങളുടെയും നിയന്ത്രണം സംസ്ഥാന അധികാരപരിധിയിലുള്ളതാണ്. കേന്ദ്ര നീക്കം ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുകയും തീരദേശസമൂഹങ്ങളുടെ ശബ്ദങ്ങളെ അവഗണിക്കുകയും ചെയ്യും.
ബയോമെട്രിക് നിരീക്ഷണവും ട്രാക്കിങ്ങും കേന്ദ്രീകൃത നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നത് സുരക്ഷ എന്നതിലുപരി തീരങ്ങളെയും ജനങ്ങളെയും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റേത് അതിരുകടന്ന നടപടിയാണ്.
ഉപജീവനത്തെയും സ്വയംഭരണാധികാരത്തെയും അവകാശങ്ങളെയും ഭീഷണിപ്പെടുത്തുന്ന നയങ്ങളെ ചെറുക്കുന്നതിൽ മത്സ്യത്തൊഴിലാളിസമൂഹങ്ങളോടൊപ്പം ഫെഡറേഷൻ ഒറ്റക്കെട്ടായി നിൽക്കും. തീരങ്ങളെ നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന്റെയും മേഖലകളാക്കി മാറ്റുന്നത് അംഗീകരിക്കില്ലെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി പറഞ്ഞു.










0 comments