ആശമാരുടെ ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്രം; ബിജെപിയുടെ ഇരട്ടത്താപ്പ് യുഡിഎഫ് തിരിച്ചറിയണം: ധനമന്ത്രി

തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരത്തിലടക്കം ചിലര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയം യുഡിഎഫ് മനസിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആശാ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ ഒരു ഇടപെടലും നടത്താത്ത കേന്ദ്ര മന്ത്രിയടക്കം സമരത്തിലുള്ളവരുടെ അടുത്തേക്ക് എത്തി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. ഈ കബളിപ്പിക്കല്‍ തന്ത്രം യുഡിഎഫ് തിരിച്ചറിയണമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
തെലങ്കാന, ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ കേരളത്തിലേതിന് സമാനമാണ്. കേന്ദ്രവിഹിതങ്ങളില്‍ വന്നിട്ടുള്ള വലിയ കുറവ് ഇത്തരം സംസ്ഥാനങ്ങളെയെല്ലാം ബാധിക്കുന്നു. എന്നാല്‍ ആന്ധ്രാപ്രദേശ്, ബീഹാര്‍, പുതുച്ചേരി ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണാനുകൂല സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകളടക്കം ലഭിക്കുന്നത് മൂലം ഇത്തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങള്‍ വലിയ തോതില്‍ അനുഭവിക്കേണ്ടിവരുന്നില്ല. രാഷ്ട്രീയമായി സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്നതിന്റെ ഭാഗമായാണ് ധനവിഹിതങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത്. ഇതിനെതിരായി യോജിച്ച നിലപാടുകളും സമീപനങ്ങളും ആവശ്യമാണ്.
കേരളത്തിനുണ്ടാകുന്ന മാറ്റം കാസര്‍കോട് മുതല്‍ പാറശാല വരെ ദൃശ്യമാണ്. റോഡുകള്‍, സ്കൂളുകള്‍, ആശുപത്രി കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലെയും മാറ്റങ്ങള്‍ നേരിട്ട് ബോധ്യപ്പെടുന്നതാണ്. കേരളത്തിന്റെ ഭാവിയെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, കെയര്‍ എക്കോണമി, നോളജ് എക്കോണമി തുടങ്ങിയ മേഖലകളിലെല്ലാം വലിയ നിക്ഷേപമാണ് ഉള്ളത്. എല്ലാവര്‍ക്കും വീട് ഉറപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. 48 ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സാര്‍വത്രിക ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഭാവിയെ ലക്ഷ്യമിട്ടുള്ള സമൂലമായ മാറ്റങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇത്തരം മാറ്റങ്ങളെ തമസ്കരിച്ച് കാട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
നാല് വര്‍ഷക്കാലമായി ഈ സര്‍ക്കാരിന്റെ ശരാശരി വാര്‍ഷിക പൊതുചെലവ് 1.65 ലക്ഷം കോടി രൂപയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.15 ലക്ഷം കോടി രൂപയായിരുന്നു. അതിന് മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലം ഇത് 68,000 കോടി രൂപയായിരുന്നു. വരുമാനവും ചെലവും ഉയര്‍ത്തി, സംസ്ഥാനത്തിന്റെ എല്ലാ മേഖലയ്ക്കും മതിയായ പരിഗണന ലഭ്യമാക്കുന്ന ധന മാനേജ്മെന്റാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.









0 comments