print edition കയറ്റുമതി സജീവം: കേരളത്തിൽ ബീഫിന് ക്ഷാമം; കന്നുകാലികളെ തടഞ്ഞ് ‘ഗോ രക്ഷാ സേന’

ജിജോ ജോർജ്
Published on Jun 11, 2026, 12:00 AM | 1 min read
പാലക്കാട്: കേരളത്തിലേക്കുള്ള അറവുമാടുകളുടെ വരവ് തടഞ്ഞ് സംഘപരിവാർ ബന്ധമുള്ള ‘ഗോ രക്ഷ’ സേന. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്ന് മാടുകളെ കൊണ്ടുവരുന്നത് തടഞ്ഞതോടെ കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷമായി. ഇൗ സംസ്ഥാനങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് ഏകോപനമുണ്ടാക്കാനോ സഹായം അഭ്യർഥിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു.
ആളൊഴിഞ്ഞ ഇടവഴികളിൽ കാത്തുനിന്നാണ് ഗോരക്ഷാ പ്രവർത്തകർ കേരളത്തിലേക്കുള്ള വാഹനങ്ങൾ ആക്രമിക്കുന്നത്. ഓരോ ലോറിയും കടത്തിവിടാൻ അരലക്ഷം മുതൽ രണ്ട് ലക്ഷംവരെ പണവും വാങ്ങുന്നു. ലോറി ഡ്രൈവറെയും ഒപ്പമുള്ളവരെയും മർദിക്കുകയാണ്. പരാതിപ്പെട്ടാലും ലോറിയും കന്നുകളെയും പൊലീസ് സ്‌റ്റേഷൻ പരിസരത്ത് കൊണ്ടുപോയി ഇടുന്നതല്ലാതെ മറ്റ് നടപടികൾ സ്വീകരിക്കുന്നില്ല.
സംസ്ഥാനത്തേക്ക് കൂടുതൽ കന്നുകാലികളെ എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ്‌നാട് പൊലീസ് ഇൗ സംഘത്തിന് കൂട്ടുനിൽക്കുകയാണെന്നും തമിഴ്‌നാട്ടിൽ ഭരണം മാറിയതോടെ ഇവരുടെ ശല്യം വർധിച്ചെന്നും കേരളത്തിലെ കച്ചവടക്കാർ പറയുന്നു. അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ പകുതിയിലധികം കടകൾ അടച്ചു.
ഉത്തരേന്ത്യയിൽനിന്ന് ആന്ധ്രയിലും തമിഴ്‌നാട്ടിലും എത്തിക്കുന്ന അറവുമാടുകളെ സംരക്ഷണത്തിന്റെ പേരിൽ ഗോശാലകളിലേയ്‌ക്ക് മാറ്റുന്നതും പതിവായി. ആന്ധ്രയിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുപോകാനുള്ള നിയമങ്ങൾ കർശനമാക്കിയതും പ്രയാസം സൃഷ്‌ടിക്കുന്നു. സർട്ടിഫിക്കറ്റുകൾ നൽകാൻ വെറ്ററിനറി ഡോക്‌ടർമാർ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്ന ലോബികളാണ് ഗോ രക്ഷാസേനയുടെ പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. കന്നുകാലി വരവ് കുറഞ്ഞതോടെ ബീഫിന് വില 450 രൂപയ്‌ക്ക് മുകളിലായി.










0 comments