print edition കാലിത്തീറ്റയ്‌ക്കും വിലകൂട്ടി

ബി എസ് ആരതി
Published on Sep 21, 2026, 01:30 AM | 1 min read
തിരുവനന്തപുരം: പാലുൽപ്പാദനം കുറഞ്ഞ് വറുതിയിലായ ക്ഷീരമേഖലയുടെ നടുവൊടിച്ച് കാലിത്തീറ്റ വില വർധനവും. പാലിന് നാല് രൂപ വർധിപ്പിച്ചത് ക്ഷീരകർഷകർക്ക് ആശ്വാസമായെന്ന സർക്കാർ വാദം ഇതോടെ പൊളിഞ്ഞു.
ഉൽപ്പാദനച്ചെലവ് ക്രമാതീതമായി വർധിച്ചതോടെ കർഷകർ ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യത്തിലാണ് കാലിത്തീറ്റ വിലവർധനയുടെ ഭാരം കൂടി അടിച്ചേൽപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ഉൾപ്പെടെയാണ് വില കൂട്ടിയത്. 1574 രൂപയായിരുന്ന കേരള ഫീഡ്‌സ് ഡെയറി റിച്ച് പ്ലസ് കാലിത്തീറ്റയ്‌ക്ക് 70 രൂപയാണ് വർധിച്ചത്. 50 കിലോഗ്രാം പാക്കറ്റിന് വില 1644. മെയിൽ 50 കിലോ 1455 ആയിരുന്ന എലൈറ്റ് കാലിത്തീറ്റ 1540 ആയി ഉയർന്നു. 1285 രൂപയായിരുന്ന ആയിരുന്ന മിടുക്കി കാലിത്തീറ്റയ്‌ക്ക് 155 രൂപ വർധിച്ച് 1440ആയി.
ചെലവിന്റെ 60 മുതൽ -70 ശതമാനവും കാലിത്തീറ്റയ്‌ക്ക് നൽകേണ്ട ഗതികേടിലാണ് കർഷകർ. സൈലേജ്, തീറ്റപ്പുല്ല്, ചോളത്തണ്ട് എന്നിവയുടെ വില കൂടിയതിന് പിന്നാലെയാണ് പാക്കറ്റിലുള്ള കാലിത്തീറ്റവിലയും ഉയർന്നത്. എന്നാൽ 2022 നവംബർ ഒന്നിനുശേഷം മിൽമ കാലിത്തീറ്റ വില കൂട്ടിയിട്ടില്ല.
കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള പാൽലഭ്യത കൂട്ടി സംസ്ഥാനത്തുണ്ടായ കുറവ് പരിഹരിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്‌ചയാണ് മന്ത്രി ബിന്ദു കൃഷ്ണ കർണാടക മുഖ്യമന്ത്രിയെ സന്ദർശിച്ചത്. സ്ഥിതി തുടർന്നാൽ പാലിന് വേണ്ടി തമിഴ്നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എൽഡിഎഫ് സർക്കാർ അവസാന ബജറ്റിൽ ക്ഷീരമേഖലയ്‌ക്കായി 128.05 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിക്കായി എട്ട് കോടിയും വകയിരുത്തിയിരുന്നു. യുഡിഎഫ് അധികാരമേറ്റതോടെ ഇത് 102.88 കോടിയായും കാലിത്തീറ്റ സബ്‌സിഡി ഏഴ് കോടിയായും വെട്ടിക്കുറച്ചു.










0 comments